ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത മാസം പന്ത്രണ്ടിനു നടക്കും. ഏപ്രില്‍ 12ന് വൈകിട്ട് അഞ്ചു മണിക്ക് വോട്ടെണ്ണല്‍ നടക്കും.വയലാര്‍ രവി, പിവി അബ്ദുല്‍ വഹാബ്, കെകെ രാഗേഷ് എന്നിവരുടെ കാലാവധിയാണ് അടുത്ത മാസം അവസാനിക്കുന്നത്.
കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും സിപിഎമ്മിന്റെയും ഓരോ സീറ്റുകളാണ് ഒഴിവു വരുന്നത്. നിയമസഭയിലെ നിലവിലെ അംഗബലം വച്ച് എല്‍ഡിഎഫിന് രണ്ടു സീറ്റും യുഡിഎഫിന് ഒരു സീറ്റുമാണ് വിജയിപ്പിക്കാനാവുക.
അതേസമയം ഏപ്രില്‍ ആറിനാണ് സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. മാര്‍ച്ച് 12 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മാര്‍ച്ച് 19 ന് പത്രിക സമര്‍പ്പിക്കാനുള്ള സമയ പരിധി അവസാനിക്കും. മാര്‍ച്ച് 20 ന് സൂക്ഷ്മ പരിശോധന നടക്കും. മാര്‍ച്ച് 22 ന് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമാണ്.
ഒറ്റ ഘട്ടമായാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ്. കേരളത്തില്‍ 40,711 പോളിങ് സ്റ്റേഷനുകളാണ് ഉണ്ടാവുക. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തെരഞ്ഞെടുപ്പു നടത്താനാണ് പോളിങ് സ്റ്റേഷനുകളുടെ എണ്ണം കൂട്ടിയത്. അതേസമയം പ്രവാസികള്‍ക്ക് തപാല്‍ വോട്ടിനുള്ള സൗകര്യം ഇത്തവണയില്ല. 80 വയസ്സിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ട് വഴി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കും. കൊവിഡ് ബാധിതര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമുണ്ട്.