കോഴിക്കോട്: സദാചാര പ്രശ്നം ആരോപിച്ച് സസ്പെന്‍ഷനിലായ പോലീസുകാരന് ഉമേഷും ഗായിക ആതിര കെ കൃഷ്ണനും ജീവിതത്തില്‍ ഒന്നായി. പോലീസിലെ അമിതാധികാരപ്രയോഗത്തിനും മോറല്‍ പോലീസിങ്ങിനും വിധേയരായയാളാണ് പോലീസുകാരന് ഉമേഷ് വള്ളിക്കുന്ന്.
31 വയസ്സുള്ള ആതിരയുടെ അമ്മ നല്കിയ പരാതിയിലാണ് കോഴിക്കോട് സിറ്റി കണ്ട്രോള് റൂമില്‍ ജോലി ചെയ്യുന്ന സിവില്‍ പൊലീസ് ഓഫീസര്‍ യു ഉമേഷ് എന്ന ഉമേഷ് വള്ളിക്കുന്നിനെ 2020 സപ്തംബര്‍ 18ന് കമീഷണര്‍ എവി ജോര്‍ജ് സസ്പെന്റ് ചെയ്തത്.
ആതിരയ്ക്ക് വാടകയ്ക്ക് ഫ്ളാറ്റ് എടുത്തുകൊടുത്തുവെന്നും ഫ്ളാറ്റില്‍ ഉമേഷ് നിത്യസന്ദര്‍ശനം നടത്തുന്നത് പോലീസ് സേനയ്ക്ക് കളങ്കവുമാണെന്ന വിചിത്ര ആരോപണം ഉന്നയിച്ചായിരുന്നു സസ്പെന്ഷന്.
മൊഴിയെടുക്കാന്‍ ആതിരയുടെ ഫ്ളാറ്റിലെത്തിയ പൊലീസ് അവരെ അപമാനിക്കുംവിധം പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. പോലീസിന്റെ മോറല്‍ പോലീസിങ്ങിനെതിരെ ഇരുവരും പരാതിയുമായി മുന്നോട്ടുപോയി. ഇരുവര്‍ക്കും പൊതുസമൂഹത്തിന്റെ പിന്തുണ ലഭിക്കുകയും ചെയ്തു. ഒടുവില്‍ അന്വേഷണം നടത്താനും സസ്പെന്ഷന് പിന്‍വലിക്കാനും അധികൃതര്‍ നിര്‍ബന്ധിതരായി.
നാളെ ഞാന്‍ ഉമേഷേട്ടന്റെയും അച്ചുവിന്റെയും കൂടെ ജീവിതം ആരംഭിക്കുകയാണ്. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം. എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും സ്വീകരിച്ചു കൊണ്ട് മുപ്പത്തിരണ്ടാമത്തെ വയസ്സില്‍ ഞാന്‍ പുതുജീവിതത്തിലേക്ക് കടക്കട്ടെ. പ്രതിസന്ധികളുടെ കാലത്ത് കൂടെ നിന്ന എല്ലാവരോടും നന്ദി’, ആതിര വിവാഹത്തെ കുറിച്ച് ‘വനിത’യോട് പറയുന്നത്.
എംഎസ്ഡബ്ല്യൂ കഴിഞ്ഞ ഞാന്‍ കോഴിക്കോടുള്ള ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ കൗണ്‍സലറാണ്. അത്യാവശ്യം സംഗീതവും കൈവശമുണ്ട്.
പാട്ടിനോടുള്ള എന്റെ താത്പര്യവും അതിന്റെ പേരില്‍ ഞാന്‍ ആസ്വദിച്ചിരുന്ന സ്വാതന്ത്ര്യവും വീട്ടുകാര്‍ക്ക് ദഹിക്കില്ലായിരുന്നു. അതിന്റെ പേരില്‍ പ്രശ്നങ്ങളുണ്ടായി. വീടുവിട്ടിറങ്ങേണ്ടി വന്നു. ആ സമയങ്ങളിലാണ് ഉമേഷേട്ടന് എനിക്ക് ഒരു ഫ്ലാറ്റ് തരപ്പെടുത്തി തന്നത്.
ഉമേഷട്ടന് ഭാര്യയുമായി പിരിഞ്ഞിട്ട് 10 കൊല്ലത്തിലേറെയാകുന്നു. ഡിവോഴ്സിന്റെ വക്കിലായിരുന്നു അന്ന്. പറഞ്ഞു പരത്തിയ കഥകളില്‍ പൊടിപ്പും തൊങ്ങലും നിറഞ്ഞത് ചിലപ്പോള്‍ അതൊക്കെ കൊണ്ടാകാം. പക്ഷേ ഞങ്ങള്‍ എല്ലാ ആരോപണങ്ങളേയും അതിജീവിച്ചെങ്കിലും ഉമേഷേട്ടന് ജോലി സംബന്ധമായി പ്രശ്നങ്ങള്‍ വന്നു. അന്വേഷണ വിധേയമായി സസ്പെന്‍ഷനില്‍ പോകേണ്ടി വന്നു. അപ്പോഴും ഞങ്ങളുടെ സൗഹൃദത്തിന് അതൊന്നും തടസമായില്ല.
സംഗീതവഴിയിലെ സൗഹൃദമാണ് എന്നെയും ഉമേഷേട്ടനെയും ഏറെ അടുപ്പിച്ചത്. അങ്കണവാടി കുട്ടികള്‍ക്ക് വേണ്ടി ചിട്ടപ്പെടുത്തിയ പ്രഭാതഗീതം, കോവിഡ് പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു വേണ്ടി ഞാന്‍ ചിട്ടപ്പെടുത്തിയ ഗാനം എന്നിവ എന്നീ ഗാനങ്ങള്‍ ഞങ്ങളുടെ പാട്ടുവഴിയിലെ നേട്ടമാണ്. ഓരോ പാട്ടും ഞങ്ങളെ ഏറെ അടുപ്പിച്ചു എന്നു വേണം പറയാന്‍.
അതിനിടയില്‍ എപ്പോഴോ പ്രണയം കടന്നു വന്നു. മനസുകളെ പരസ്പരം തിരിച്ചറിഞ്ഞ ഞങ്ങള്‍ രണ്ടു വര്‍ഷം മുമ്പ് വിവാഹിതരാകാന്‍ തീരുമാനിച്ചു. പക്ഷേ പുള്ളിക്കാരന്റെ ആദ്യ വിവാഹം, ഡിവോഴ്സ്, നടപടികള്‍ എന്നിവ മുന്നില്‍ വിലങ്ങു തടിയായി നിന്നു. അദ്ദേഹത്തിന്റെ ആദ്യ വിവാഹം, അവര്‍ തമ്മിലുള്ള ഇഷ്യൂ അതൊന്നും എന്നെ ബാധിച്ചിട്ടേയില്ല.
ഒടുവില്‍ എല്ലാ പ്രശ്നങ്ങളേയും അതിജീവിച്ച് ഞങ്ങള്‍ ഒരുമിക്കാന്‍ തീരുമാനിച്ചു. അത്രമാത്രം… ഉത്തര മോള്. ഏഴാം ക്ലാസിലാണെങ്കിലും അവള്‍ക്ക് പ്രായത്തില്‍ കവിഞ്ഞ പക്വതയുണ്ട്. ആ തിരിച്ചറിവോടെ അവള് എന്നെ സ്വീകരിച്ചു. അമ്മയായി അംഗീകരിച്ചു. അതില്‍പ്പരം ഞങ്ങള്‍ക്കെന്ത് വേണം.
സന്തോഷം ഇരട്ടിയാക്കി ഉമേഷേട്ടന്റെ സസ്പെന്ഷന് പിന്‍വലിച്ചു കൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് അറിയുന്നത്. ആ സന്തോഷവാര്‍ത്ത പുറത്തു വന്ന അതേദിവസം തന്നെയാണ് ഞങ്ങള്‍ സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹിതരായത്. എല്ലാത്തിനും സാക്ഷിയായി എന്റെ ചങ്ക് സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു.
ഇതിനിടയില്‍ ചങ്ങാതിമാര്‍ ഒരുക്കിയ ബ്രൈഡല്‍ ഫോട്ടോഷൂട്ടും നിറമുള്ള ഓര്‍മ്മയായി. എല്ലാ മുന്‍വിധികളേയും കാറ്റില്‍പറത്തി ഞങ്ങള്‍ ജീവിച്ചു തുടങ്ങുകയാണ്. ഉമേഷേട്ടന്റെ ഭാര്യയായി ഏഴാം ക്ലാസുകാരിയായ ഉത്തരയുടെ അമ്മയായി. അനുഗ്രഹമുണ്ടാകണം… പ്രാര്‍ത്ഥിക്കണം. ആതിര പറഞ്ഞു നിര്‍ത്തി.
Discussion about this post