1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമയുടെ ചിത്രീകരണത്തിന് ആവശ്യമായ പണം ലഭിച്ചിട്ടില്ലെന്ന് സംവിധായകന്‍ അലി അക്ബര്‍. ചെറിയ തുകയാണ് മമ ധര്‍മ്മയിലേക്ക് കൂടുതലും വന്നിരിക്കുന്നത്. കിട്ടിയ പണം മുഴുവന്‍ തീര്‍ന്നു പോയി. അത് കൊണ്ട് ഇനിയും മമ ധര്‍മ്മയിലേക്ക് പണം സംഭാവന ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് അലി അക്ബര്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് അലി അക്ബര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്. സിനിമയ്ക്ക് വേണ്ടി ഭിക്ഷയാചിക്കാന്‍ തയ്യാറാണെന്നും അലി അക്ബര്‍ പറയുന്നു.
തുച്ചമായ തുക കൊണ്ടാണ് ഈ സിനിമ നിര്‍മിക്കാന്‍ ഇറങ്ങിയത്. ആ പൈസയ്ക്കുള്ളത് ഇപ്പോള്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞു. ഏകദേശം 80 ലക്ഷം രൂപ ഇതിനോടകം ചിലവായിട്ടുണ്ട്. സിനിമയില്‍ അഭിനയിക്കാന്‍ ഒരുപാട് പേര്‍ എന്നെ വിളിച്ചിരുന്നു. പക്ഷേ അതിനുള്ള കാശ് എന്റെ കയില്‍ ഇല്ല. അടുത്ത ഘട്ടം കോഴിക്കോട് ആണ്. അവിടെ കാസ്റ്റിങ് കോള്‍ ഉണ്ടായിരിക്കും. പക്ഷേ സ്വന്തം ചിലവില്‍ വന്ന് അഭിനയിച്ച് പോകണം. കാരണം എന്റെ കയ്യില്‍ പൈസ ഇല്ല.
ഞാന്‍ വലിയൊരു ഉത്തരവാദിത്തമാണ് ഏറ്റെടുത്തിരിക്കുന്നത്. ജനങ്ങളുടെ പിന്തുണ ഉണ്ട്. പക്ഷേ സാമ്പത്തികമായി ഒന്നുമില്ല. എന്നിരുന്നാലും ഞാന്‍ ഇത് പൂര്‍ത്തീകരിക്കും. അമേരിക്കയിലും ആഫ്രിക്കയിലുമുള്ള സുഹൃത്തുക്കള്‍ പണം അയച്ചിരുന്നു. ഇനിയും പണം അയയ്ക്കണം. ഭംഗിയായി ഇത് തീര്‍ക്കണം. എന്റെ മാത്രം സിനിമയല്ല, ഇത് നിങ്ങളുടെ സിനിമയാണ്. നിങ്ങള്‍ ആഗ്രഹിച്ച സിനിമ എന്നും അലി അക്ബര്‍ പറഞ്ഞു.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ‘വാരിയംകുന്നന്‍’ എന്ന സിനിമ സംവിധായകന്‍ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകന്‍ അലി അക്ബര്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമ ഒരുക്കുന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.