കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് കാലം അടുത്തതോടെ പ്രചരണത്തിന്റെ തിരക്കിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. പരിചയങ്ങള്‍ പുതുക്കിയും മുതിര്‍ന്നവരെ കണ്ടും അനുഗ്രഹം തേടുന്ന തിരക്കിലാണ് സ്ഥാനാര്‍ത്ഥികളും. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത് ബേപ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പിഎ മുഹമ്മദ് റിയാസ് എംടി വാസുദേവന്‍നായരെ വീട്ടില്‍ എത്തി കണ്ട അനുഗ്രഹം തേടുന്ന ചിത്രമാണ്.
തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബേപ്പൂരില്‍ മുഹമ്മദ് റിയാസ്. ഇടതുപക്ഷത്തിന്റെ കരുത്തുറ്റ കോട്ട കൂടിയാണ് ബേപ്പൂര്‍. ഈ സാഹചര്യത്തിലാണ് എംടിയെ റിയാസ് വീട്ടിലെത്തി കണ്ട് അനുഗ്രഹം തേടിയാണ്. ഈ പശ്ചാത്തലത്തില്‍ ഇരുവരുടെ കുടുംബങ്ങള്‍ തമ്മിലുള്ള പഴയകാല സൗഹൃദം കൂടിയാണ് കളത്തില്‍ നിറയുന്നത്.
എംടി വാസുദേവന്‍നായരെ വീട്ടില്‍ ചെന്ന് കണ്ട് അനുഗ്രഹം വാങ്ങിയെന്നും അദ്ദേഹം വിജയാശംസകള്‍ നേര്‍ന്നെന്നും അദ്ദേഹം ചിത്രം പങ്കിട്ട് ഫേസ്ബുക്കില്‍ കുറിച്ചു. ഇതിനൊപ്പമാണ് പഴയകാല സൗഹൃദം കൂടി പുതുക്കിയത്.
അക്കഥ ഇങ്ങനെ;
റിയാസിന്റെ അച്ഛന്റെ മുത്തച്ഛനായ പികെ കുഞ്ഞുമുഹമ്മദ് സാഹിബ് അന്നത്തെ കാലത്ത് കൂടല്ലൂരില്‍ ഒരു സ്‌കൂള്‍ സ്ഥാപിച്ചിരുന്നു. ആ സ്‌കൂളിലെ അധ്യാപകനായിട്ടാണ് എം.ടിയുടെ അച്ഛന്‍ കൂടല്ലൂരിലേക്ക് എത്തുന്നത്. അന്നുമുതല്‍ ഇരു കുടുംബങ്ങളും തമ്മില്‍ ആഴത്തിലുള്ള ബന്ധമാണുള്ളത്.