ആലപ്പുഴ: സംസ്ഥാനം അതികടുത്തവേനലിലേക്കു കടക്കുമ്പോള്‍ കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ചൂട് കൂടുന്നു. മറ്റുജില്ലകളെ അപേക്ഷിച്ച് ശരാശരിയെക്കാള്‍ അധികചൂടാണ് രണ്ടിടത്തും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 34.4 ഡിഗ്രി സെല്‍ഷ്യസ് ആണ് ശരാശരിയെങ്കില്‍ തിങ്കളാഴ്ച 38.4 ആണ് കോട്ടയം ജില്ലയില്‍ രേഖപ്പെടുത്തിയത്.
നാലു ഡിഗ്രിയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴയില്‍ 36.8 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണമായി ഈ സമയത്ത് പുനലൂര്‍ (ശരാശരി 36.5), പാലക്കാട് (36.2) എന്നിവിടങ്ങളിലാണ് ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്നത്. എന്നാല്‍, ഈ വര്‍ഷം പുനലൂരില്‍ പതിവുപോലെയും പാലക്കാട്ട് ഒരു ഡിഗ്രി കുറവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതിനു കാരണമെന്തെന്നു പഠിക്കേണ്ടിയിരിക്കുന്നുവെന്ന് കാലാവസ്ഥാ ഗവേഷകന് രാജീവന് ഇരിക്കുളം പറയുന്നു. തീരദേശം അധികമുള്ളതിനാലും ഈര്‍പ്പം നിലനില്‍ക്കുന്നതിനാലും ആലപ്പുഴയില്‍ ചൂടുകൂടാം. കോട്ടയം ജില്ലയില്‍ ഭൂപ്രകൃതിയില്വന്നിട്ടുള്ള വ്യത്യാസങ്ങളാകാം ചൂടിന് കാരണമായിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഈ മാസം 20-നുശേഷം നിലവിലുള്ള അവസ്ഥയ്ക്കു മാറ്റമുണ്ടാകുമെന്നാണ് കാലാവസ്ഥാനിരീക്ഷകരുടെ നിഗമനം.
Discussion about this post