തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ തന്നെ മത്സരിക്കും. ബിജെപി ദേശീയ നേതൃത്വമാണ് തീരുമാനം ശോഭാ സുരേന്ദ്രനെ അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇടപെട്ടാണ് ശോഭയെ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാക്കാന്‍ നിര്‍ദേശം നല്‍കിയത്. മറ്റന്നാള്‍ മണ്ഡലത്തില്‍ മുതല്‍ പ്രചാരണം തുടങ്ങുമെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
കഴക്കൂട്ടത്ത് ശോഭയെ മത്സരിപ്പിക്കാതിരിക്കാനുള്ള വി മുരളീധരപക്ഷത്തിന്റെ നീക്കങ്ങള്‍ക്കെല്ലാം തടയിട്ടാണ്, ബിജെപി കേന്ദ്രനേതൃത്വം ശോഭയ്ക്ക് മത്സരിക്കാന്‍ പച്ചക്കൊടി കാട്ടിയത്. ശോഭ സുരേന്ദ്രനെ വെട്ടാന്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ കഴക്കൂട്ടത്ത് ഇറക്കാനാണ് വി മുരളീധര പക്ഷം നീക്കം നടത്തിയിരുന്നത്.
കഴക്കൂട്ടത്ത് ഒരു അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി വരും, അങ്ങനെയെങ്കില്‍ ശോഭയ്ക്ക് സീറ്റ് നല്‍കാനാകില്ല എന്നായിരുന്നു സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിന്റെ നിലപാട്. പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയ ശോഭയ്ക്ക് സീറ്റ് നല്‍കാന്‍ കെ സുരേന്ദ്രനടക്കമുള്ളവര്‍ക്ക് താല്‍പ്പര്യവുമുണ്ടായിരുന്നില്ല.
കേന്ദ്ര നേതൃത്വം ശോഭ സുരേന്ദ്രന് അംഗീകാരം നല്‍കുമ്പോഴും അതിനെതിരെ നില്‍ക്കുന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് പാര്‍ട്ടിക്കുള്ളിലെ ചേരിതിരിവ് സങ്കീര്‍ണ്ണമാക്കുന്നുണ്ട്. ശോഭ സുരേന്ദ്രന്‍ മത്സരിച്ചാല്‍ കഴക്കൂട്ടത്ത് വിജയസാധ്യത ഉണ്ടെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. സാമുദായിക പരിഗണന നോക്കിയാലും ശോഭ സുരേന്ദ്രന്‍ അനുയോജ്യ സ്ഥാനാര്‍ത്ഥിയെന്നും കേന്ദ്ര നേതൃത്വം പറയുന്നു.
#