തവനൂര്‍: ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പേ തവനൂരില്‍ റോഡ് ഷോയുമായി യുഡിഎഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പില്‍. എടപ്പാള്‍ വട്ടംകുളത്ത് നിന്നാരംഭിച്ച യാത്രയില്‍ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അണി നിരന്നു. തുറന്ന ജീപ്പിലാണ് ‘നിയുക്ത’ സ്ഥാനാര്‍ത്ഥിയെ ആനയിച്ചത്.
മത്സര രംഗത്തേക്കില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും തവനൂരില്‍ ഫിറോസ് കുന്നംപറമ്പില്‍ തന്നെ മതിയെന്ന് നേതൃത്വം അവസാനം ഉറപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഫിറോസ് തീരുമാനം മാറ്റിയത്.
ഫിറോസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ നേരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളെ തുടര്‍ന്ന് തവനൂരിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കോണ്‍ഗ്രസിന് മാറ്റി വയ്ക്കേണ്ടി വന്നിരുന്നു. പ്രശ്നങ്ങള്‍ ഉടലെടുത്തതോടെയാണ് മത്സരിക്കാനില്ലെന്ന് ഫിറോസ് വ്യക്തമാക്കിയത്.
മാത്രമല്ല, ഫിറോസിന്റ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ യൂത്ത് ലീഗ് പ്രതിഷേധിച്ചിരുന്നു, മണ്ഡലത്തിന് പുറത്തുനിന്നുള്ളയാളെ വേണ്ടെന്നും കെട്ടിയിറക്കിയ സ്ഥാനാര്‍ഥിയെ വേണ്ടെന്നും മലപ്പുറം ജില്ലാകമ്മറ്റി ആവശ്യപ്പെട്ടിരുന്നു.
Discussion about this post