വിപി സാനുവിന് ഐക്യദാര്‍ഢ്യമറിയിച്ച് അഖിലേന്ത്യ കിസാന്‍സഭ: തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക നല്‍കി

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി
എസ്എഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്‍ വിപി സാനുവിന് കെട്ടിവയ്ക്കാനുള്ള തുക
കൈമാറി കര്‍ഷക സംഘടനകള്‍.

കേന്ദ്ര സര്‍ക്കാരിന്റെ വിവാദമായ കര്‍ഷക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ സമരം നയിക്കുന്ന കര്‍ഷകരാണ് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക സാനുവിന് കൈമാറിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെ സാനു തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബിഹാറിലെയും പഞ്ചാബിലെയും കര്‍ഷക സംഘടന നേതാക്കളില്‍ നിന്ന് സാനുവിന് കെട്ടിവെക്കാനുള്ള തുക അഖിലേന്ത്യ കിസാന്‍സഭ ഭാരവാഹികളായ വിജു കൃഷ്ണനും കൃഷ്ണപ്രസാദും ആണ് ഏറ്റുവാങ്ങിയത്.

കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി വിപി സാനു അടക്കമുള്ള വിദ്യാര്‍ഥി നേതാക്കള്‍ സമരത്തില്‍ പങ്കെടുത്തിരുന്നു. ഇതിന് ഐക്യദാര്‍ഢ്യമറിയിച്ചാണ് വിപി സാനുവിന് കെട്ടിവയ്ക്കാനുള്ള തുക കൈമാറാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത്.

നിയമസഭയിലേക്ക് മത്സരിക്കുന്നതിന്റെ ഭാഗമായി പികെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടര്‍ന്നാണ് മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

എസ്എഫ്‌ഐ ദേശീയ അധ്യക്ഷനും സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ സാനു 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും മലപ്പുറത്ത് നിന്ന് മത്സരിച്ചിരുന്നു.
2019-ല്‍ സാനു 3,29,720 വോട്ട് സ്വന്തമാക്കിയിരുന്നു.

കുഞ്ഞാലിക്കുട്ടിയോട് 2,60,153 വോട്ടിന് തോറ്റെങ്കിലും ശക്തമായ പ്രചരണത്തിലൂടെ സാനു മണ്ഡലത്തിലെ പുതുവോട്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കുഞ്ഞാലിക്കുട്ടി 5,89,873 വോട്ട് സ്വന്തമാക്കിയപ്പോള്‍ നേടി. 2014-ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പികെ സൈനബ നേടിയതിനേക്കാള്‍ 86,736 വോട്ട് അധികം നേടാന്‍ 2019-ല്‍ സാനുവിന് കഴിഞ്ഞു.

Exit mobile version