ന്യൂഡല്‍ഹി: എസ്എഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്‍ വിപി സാനുവിന് മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കെട്ടിവയ്ക്കാനുള്ള തുക നല്‍കി കര്‍ഷക സംഘടനകള്‍. കേന്ദ്രത്തിന്റെ വിവാദ കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ ഡല്‍ഹിയില്‍ സമരം നയിക്കുന്ന കര്‍ഷകരാണ് വിപി സാനുവിന് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക നല്‍കിയത്. കര്‍ഷക സംഘടനകള്‍ തുക നല്‍കിയ കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ സാനു തന്നെയാണ് വ്യക്തമാക്കിയത്.
ബിഹാറിലെയും പഞ്ചാബിലെയും കര്‍ഷക സംഘടന നേതാക്കളില്‍ നിന്ന് സാനുവിന് കെട്ടിവെക്കാനുള്ള തുക അഖിലേന്ത്യ കിസാന്‍സഭ ഭാരവാഹികളായ വിജു കൃഷ്ണനും കൃഷ്ണപ്രസാദും ആണ് ഏറ്റുവാങ്ങിയത്. കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി വിപി സാനു അടക്കമുള്ള നേതാക്കള്‍ സമരത്തില്‍ പങ്കെടുത്തിരുന്നു. ഇതിന് ഐക്യദാര്‍ഢ്യമറിയിച്ചാണ് വിപി സാനുവിന് കെട്ടിവയ്ക്കാനുള്ള തുക കര്‍ഷക സംഘടനകള്‍ കൈമാറിയത്.
പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടര്‍ന്നാണ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സിപിഎം സ്ഥാനാര്‍ത്ഥിയായി വി.പി സാനു മത്സരിക്കുന്നത്. എസ്.എഫ്.ഐ ദേശീയ അധ്യക്ഷനും സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ സാനു 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും മലപ്പുറത്ത് നിന്ന് മത്സരിച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റ്:
ഇന്നലെ രാത്രിയാണ് ഡല്‍ഹിയില്‍ നിന്നും വിജുവേട്ടന്‍ വിളിക്കുന്നത്. തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍ അന്വേഷിച്ചറിയുന്നതിനിടെയാണ് എനിക്ക് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക ഡല്‍ഹിയില്‍ ഐതിഹാസിക സമരം നയിക്കുന്ന കര്‍ഷകര്‍ നല്‍കാമെന്ന് ഏറ്റിട്ടുണ്ടെന്ന് പറയുന്നത്.
ഇന്ന് നോമിനേഷനൊപ്പം കെട്ടിവെക്കാന്‍ ആവശ്യമായ തുക കര്‍ഷകസമര പ്രതിനിധികള്‍ സഖാവ് വിജു കൃഷ്ണനെ ഏല്‍പ്പിച്ചു. കര്‍ഷകവിരുദ്ധമായ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ മാസങ്ങളോളമായി ഇന്ത്യന്‍ കര്‍ഷകര്‍ നയിക്കുന്ന സമാനതകളില്ലാത്ത സമരമുന്നേറ്റത്തിനൊപ്പം ഭാഗമാകാന്‍ കഴിഞ്ഞിരുന്നു.നരേന്ദ്രമോഡി സര്‍ക്കാരിനെതിരായ തൊഴിലാളികളുടെയും കര്‍ഷകരുടെയും ജനാധിപത്യവിശ്വാസികളുടെയും സമരപ്രക്ഷോഭങ്ങള്‍ക്ക് കരുത്ത് പകരുന്നതാകണം മലപ്പുറത്തെ ജനവിധി. അതിന് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കേ കഴിയൂ എന്ന ബോധ്യം കേരളം ഇതിനോടകം തിരിച്ചറിഞ്ഞിട്ടുള്ളതുമാണ്.
കര്‍ഷകസമരഭടന്മാര്‍ക്ക് അഭിവാദ്യങ്ങള്‍
മലപ്പുറം കൂടെയുണ്ട്.