തൃശ്ശൂര്‍: ഇത്തവണ തൃശ്ശൂര്‍ പൂരത്തിന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേഗോപുര നട തുറക്കാന്‍ കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഉണ്ടാകില്ല. പകരം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ എറണാകുളം ശിവകുമാര്‍ എന്ന ആനയായിരിക്കും ഇത്തവണ തെക്കേ ഗോപുര നട തുറക്കുക.
നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി വന്നാണ് തെക്കേ ഗോപുര നട തുറക്കുക. തൃശൂര്‍ പൂരത്തിന് ആരംഭം കുറിക്കുന്ന ചടങ്ങാണിത്. ആരോഗ്യ സ്ഥിതി പരിഗണിച്ചാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഇത്തവണ ഒഴിവാക്കുന്നത്. നെയ്തലക്കാവ് ക്ഷേത്ര ഭരണസമിതിയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കേണ്ടെന്ന് തീരുമാനിച്ചത്.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കരുതെന്ന് വനം വകുപ്പ് നിര്‍ദേശിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഗുരുവായൂരില്‍ വെച്ച് ഇടഞ്ഞോടി രണ്ടുപേരെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിന് വിലക്കേര്‍പ്പെടുത്തിയത്.
അതേസമയം, പൂരം നടത്തിപ്പിനെ കുറിച്ചും, തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെക്കുറിച്ചും വലിയ വിവാദങ്ങളും മറ്റുമുണ്ടായതിന്റെ സാഹചര്യത്തിലാണ് ദേവസ്വം ആനയായ ശിവകുമാറിനെ കൊണ്ട് ചടങ്ങ് നടത്താന്‍ ആലോചിച്ചതെന്നാണ് ലഭ്യമായ വിവരം. രാമചന്ദ്രനെ മാറ്റി ശിവകുമാറിനെ കൊണ്ട് ചടങ്ങ് നടത്താന്‍ ക്ഷേത്ര സമിതി തീരുമാനിച്ചിട്ടുണ്ട്. വരുന്ന വ്യാഴാഴ്ചയോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.
കഴിഞ്ഞ തവണ നെയ്തലക്കാവില്‍ നിന്ന് ഒരാനയുടെ പുറത്ത് എഴുന്നള്ളിച്ച് കൊണ്ടു വന്ന വിഗ്രഹം മണികണ്ഠനാലിന് സമീപത്ത് വച്ച് രാമചന്ദ്രന്റെ പുറത്തേക്ക് മാറ്റിയാണ് ചടങ്ങ് നടത്തിയതെന്നും, അത്തരത്തിലുള്ള രീതികളോട് തങ്ങള്‍ക്ക് യോജിക്കാന്‍ കഴിയില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. നെയ്തലക്കാവില്‍ നിന്ന് തിടമ്പേറ്റി വരുന്ന ആന തന്നെ തെക്ക ഗോപുര നട തുറക്കണം എന്നതാണ് ക്ഷേത്രം ഭാരവാഹികള്‍ ആഗ്രഹിക്കുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷമായി രാമചന്ദ്രനാണ് തിടമ്പേറ്റാറുള്ളത്.
Discussion about this post