കോട്ടയം: കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിക്ക് വേണ്ടിയുള്ള നിയമ പോരാട്ടത്തില്‍ പരാജയപ്പെട്ട പിജെ ജോസഫ് ഉടന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കും. റിവേഴ്സ് ക്വാറന്റീന് പൂര്‍ത്തിയാക്കി പിജെ ജോസഫ് വ്യാഴാഴ്ച തൊടുപുഴയില്‍ മടങ്ങിയെത്തും. ഇതിനുശേഷം പുതിയ പാര്‍ട്ടിയുടെ കാര്യങ്ങളില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.
കേരള കോണ്‍ഗ്രസ് (എം) എന്ന പേര് ജോസ് കെ മാണി സ്വന്തമാക്കിയതോടെയാണ് പുതിയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കം ജോസഫ് ഗ്രൂപ്പ് ശക്തമാക്കിയത്. എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ പാര്‍ട്ടിയുടെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല. എങ്കിലും പുതിയ പാര്‍ട്ടിയുടെ പേര് ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. പ്രഖ്യാപിക്കുന്ന പുതിയ പാര്‍ട്ടിയിലും കേരള കോണ്‍ഗ്രസ് എന്ന പേരുണ്ടാകുമെന്ന് ഉറപ്പാണ്.
അതേസമയം രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസഫ് ഗ്രൂപ്പ് സ്ഥാനാര്‍ത്ഥികള്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കേണ്ടിവരും. കൂടാതെ രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന സ്വീകരിക്കാനും കഴിയില്ല. അതുകൊണ്ടുതന്നെ നിലവിലുള്ള ഒരുപാര്ട്ടിയില് ലയിക്കാനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്. പാര്‍ട്ടിയുടെ പേര് പിന്നീട് മാറ്റുകയും ചെയ്യാം.
രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവ് കഴിഞ്ഞ ദിവസം സുപ്രീംകോടതി ശരിവച്ചിരുന്നു. ചിഹ്നം അനുവദിക്കാനുള്ള അധികാരം കമ്മീഷനാണെന്ന ഹൈക്കോടതി വിധിയില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് ജോസഫ് ഗ്രൂപ്പിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയത്. ഇതോടെയാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനുള്ള നീക്കം ജോസഫ് ഗ്രൂപ്പ് ശക്തമാക്കിയത്.
Discussion about this post