കൊച്ചി: രാജ്യത്തെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ സംരംഭകയായി അതിഥി അച്യുത്. ഉപജീവനത്തിനായി പലയിടങ്ങളില്‍ അലേണ്ടി വന്ന അതിഥിക്ക് ഇത് സ്വപ്ന സാക്ഷാത്കാരം കൂടിയാണ്. ആധുനിക സജ്ജീകരണങ്ങളോടെയുള്ള മീന്‍വില്‍പ്പന കേന്ദ്രമാണ് തുടങ്ങിയിരിക്കുന്നത്.
കൂടുമത്സ്യ കൃഷി, ബയോഫ്ളോക് കൃഷി എന്നിവയില്‍ വിളവെടുത്ത പിടയ്ക്കുന്ന മീനുകള്‍ ജീവനോടെ അതിഥിയുടെ മീന്‍സ്റ്റാളില്‍ ലഭ്യമാകും. സ്ഥിര വരുമാനത്തിനായി സ്വന്തമായി ഒരു സംരംഭം കണ്ടെത്താന്‍ അതിഥി അച്യുതിന് കൈത്താങ്ങായത് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് (സിഎംഎഫ്ആര്‍ഐ).
ട്രാന്‍സ്ജെന്‍ഡര്‍ ആയതിനാല്‍ ജോലി ലഭിക്കാനുള്ള പ്രയാസം, തൊഴിലിടങ്ങളിലെ മറ്റു പ്രശ്നങ്ങള്‍ എന്നിവ മൂലം നിരവധി ബുദ്ധിമുട്ടുകളാണ് അതിഥിക്ക് നേരിടേണ്ടി വന്നത്. ആ ബുദ്ധിമുട്ടുകള്‍ക്കാണ് ഇന്ന് തിരശീല വീണത്. എളമക്കര സ്വദേശിയാണ് അതിഥി. വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം സിനിമാ താരങ്ങളായ ഹരിശ്രീ അശോകന്, മോളി കണ്ണമാലി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
ജീവനുള്ള മീനുകള്‍ക്കൊപ്പം, കടല്‍മത്സ്യങ്ങളും ഇവിടെ ലഭിക്കും. ഓര്‍ഡര്‍ അനുസരിച്ച് പായ്ക്കറ്റുകളില്‍ സീല്‍ ചെയ്ത മത്സ്യങ്ങള്‍ വീടുകളിലേക്കും കടകളിലേക്കും മൊത്തമായും ചില്ലറയായും നല്‍കുന്നതാണ്. സിഎംഎഫ്ആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും ഷെഡ്യൂള്‍ഡ് കാസ്റ്റ് സബ് പ്ലാന്‍ ചെയര്‍മാനുമായ ഡോ. കെ മധു വില്പന കേന്ദ്രത്തിന്റെ താക്കോല്‍ അതിഥിക്ക് കൈമാറുകയും ചെയ്തു.
ഫ്രീസര്‍, മീനുകളെ ജീവനോടെ നിലനിര്‍ത്താനുള്ള സജ്ജീകരണം, മുറിച്ചു നല്‍കുന്നതിനും വൃത്തിയാക്കുന്നതിനുമുള്ള സാമഗ്രികള്‍, കൂളര്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും കേന്ദ്രത്തിലുണ്ട്. പട്ടികജാതി വിഭാഗക്കാരുടെ ഉന്നമനത്തിനായുള്ള ഷെഡ്യൂള്‍ഡ് കാസ്റ്റ് സബ് പ്ലാന്‍ എന്ന പദ്ധതിയുടെ ഭാഗമായാണിത്.
Discussion about this post