തിരുവനന്തപുരം: ബിജെപി ഒഴിച്ചിട്ട കഴക്കൂട്ടം മണ്ഡലം തന്നെ വേണമെന്ന പിടിവാശി വിടാതെ ശോഭ സുരേന്ദ്രൻ. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടത് അനുസരിച്ചാണ് മത്സരിക്കാൻ സന്നദ്ധത അറിയിച്ചതെന്നും കഴക്കൂട്ടം തന്നെ വേണമെന്നും ശോഭാ സുരേന്ദ്രൻ പറയുന്നു. കേരളത്തിൽ മത്സരിച്ച ഏത് മണ്ഡലങ്ങളിലും വോട്ട് ഇരട്ടിയാക്കിയ ചരിത്രമാണ് തനിക്കുള്ളത്. കഴക്കൂട്ടത്ത് ബിജെപി വിജയിക്കുമെന്നും ശോഭ സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു.
ശോഭ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം ഉറപ്പായെങ്കിലും കഴക്കൂട്ടം വിട്ടുനൽകുന്നതിനെ സംബന്ധിച്ച് തർക്കം നിലനിൽക്കുന്നുണ്ട്. കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി വി മുരളീധരനെ മത്സരിപ്പിക്കാനും നേതൃത്വം ആലോചിക്കുന്നുണ്ട്. കഴക്കൂട്ടത്തിന് പുറമേ കരുനാഗപ്പള്ളി, കൊല്ലം മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ബാക്കിയുള്ളത്.
ഇന്ത്യയിൽ ബിജെപിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന ഏറ്റവും കരുത്തനായ നേതാവാണ് മത്സരിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടത്. ഈ ആവശ്യത്തെ നിരാകരിക്കാതെ സ്വീകരിക്കും. മത്സരിക്കാൻ മാനസികമായി തയ്യാറെടുത്തുവെന്നും അവർ പറഞ്ഞു. പഴയ ബിജെപിയല്ല ഇത്. കഴക്കൂട്ടം ഒഴികെ ഒഴിച്ചിട്ട രണ്ട് സീറ്റുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. പേരുകൾ ഉടൻ പ്രഖ്യാപിക്കും. മത്സരിക്കാൻ ആളെക്കിട്ടാത്ത സാഹചര്യമൊന്നും ബിജെപിയിലും എൻഡിഎയിലും ഇന്നില്ലെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി. ശോഭാ സുരേന്ദ്രൻ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് കെ സുരേന്ദ്രനും ഒടുവിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.