തിരുവനന്തപുരം: കെ മുരളീധരൻ ബിജെപിക്ക് ശക്തനായ എതിരാളി ആണെന്ന നേം എംഎൽഎ ഒ രാജഗോപാലിന്റെ അഭിപ്രായം തള്ളി നേമത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. കെ മുരളീധരൻ കരുത്തനായ സ്ഥാനാർത്ഥിയാണെന്ന് കരുതുന്നില്ലെന്നും കരുത്തനെങ്കിൽ എംപി സ്ഥാനം രാജിവച്ച് മത്സരിക്കണമെന്നും കുമ്മനെ വെല്ലുവിളിച്ചു.
സിപിഎമ്മിന്റെ വോട്ട് നേടിയാണ് ജയിച്ചതെന്ന് മുരളീധരൻ തന്നെ മുമ്പ് സമ്മതിച്ചിട്ടുണ്ട്. ഇതാണോ മുരളീധരന്റെ കരുത്തെന്നും കുമ്മനം സ്വകാര്യ മാധ്യമത്തോട് കുമ്മനം പ്രതികരിച്ചു. നേമത്ത് എൽഡിഎഫ്-യുഡിഎഫ് ബാന്ധവമാണെന്നും കുമ്മനം ആരോപിച്ചു.
നേമത്ത് ചർച്ചയാവുക ഗുജറാത്ത് മോഡൽ വികസനമാണ്. വികസനത്തിന്റെ പേരിലാണ് നേമം ഗുജറാത്തെന്ന് പറയുന്നത്. വർഗീയ കലാപങ്ങൾ കേരളത്തിലും ഉണ്ടായിട്ടില്ലേ? താൻ ന്യൂനപക്ഷ വിരുദ്ധനാണെന്ന പ്രചാരണം വിലപ്പോകില്ല. ന്യൂനപക്ഷ മതമേലധ്യക്ഷൻമാർക്ക് തന്നെ കുറിച്ചുള്ള അഭിപ്രായം അതല്ല. 51 ശതമാനം വോട്ട് നേടി എൻഡിഎ നേമത്ത് വിജയിക്കുമെന്നും കുമ്മനം കൂട്ടിച്ചേർത്തു.
നേമത്തേത് കടുത്ത മത്സരമാണ് നടക്കുന്നതെന്നും പാർട്ടിക്ക് പുറത്തുള്ള വോട്ട് സമാഹരിക്കാൻ കുമ്മനത്തിന് കഴിയുമോയെന്നറിയില്ലെന്നുമായിരുന്നു നേരത്തെ രാജഗോപാൽ കുമ്മനത്തെ സമീപത്തിരുത്തി വിമർശിച്ചത്.