തൃശൂര്‍: തൃശൂര്‍ പൂരം മുന്‍ വര്‍ഷങ്ങളിലേത് പോലെ പ്രൗഢ ഗംഭീരമായി നടത്താന്‍ അനുമതി. സാംപിള്‍ വെടിക്കെട്ട് മുതല്‍ ഉപചാരം ചൊല്ലി പിരിയല്‍ വരെ എല്ലാം പതിവുപോലെ നടക്കും. ചീഫ് സെക്രട്ടറി വിപി ജോയിയുടെ നേതൃത്വത്തില്‍ ഇന്ന് നടന്ന യോഗത്തിലാണ് തീരുമാനമായത്.
കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമാകും തൃശൂര്‍ പൂരത്തിന് പ്രവേശനം. ജനപങ്കാളിത്തത്തില്‍ നിയന്ത്രണമുണ്ടാകും. മാസ്‌ക്ക് വയ്ക്കാതെ പൂരപറമ്പില്‍ പ്രവേശിക്കാന്‍ കഴിയില്ല. സാമൂഹിക അകലം നിര്‍ബന്ധം. ആനകളുടെ എണ്ണം കുറയ്ക്കില്ല.
പൂരം പ്രദര്‍ശനത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും എട്ടു ഘടക ക്ഷേത്രങ്ങളും ഒരുക്കങ്ങള്‍ തുടങ്ങി. പൂരം എക്സിബിഷന്‍ ഉടന്‍ തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു.
ചീഫ് സെക്രട്ടറി ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുത്തത്. ജില്ലാ കളക്ടര്‍ എസ് ഷാനവാസിന്റെ ചേമ്പറില്‍ ഡിഎംഒ, സിറ്റി പൊലീസ് കമ്മീഷണര്‍, പാറമേക്കാവ് തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ തുടങ്ങിയവര്‍ ചീഫ് സെക്രട്ടറിയുമായി നേരിട്ട് കാര്യങ്ങള്‍ അവതരിപ്പിച്ചു.
തൃശൂര്‍ പൂരം മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായി പൊലിമ ഒട്ടും ചോരാതെ നടത്തണമെന്നുള്ളതായിരുന്നു തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടേയും ഘടകപൂര ക്ഷേത്രങ്ങളുടേയും നിലപാട്. ആള്‍ക്കൂട്ടം നിയന്ത്രിച്ച് പൂരം പ്രദര്‍ശനവും വെടിക്കെട്ടടക്കമുള്ള ചടങ്ങുകളും നടത്താവുന്ന രീതിയിലുള്ള ലേ ഔട്ട് റിപ്പോര്‍ട്ട് ദേവസ്വങ്ങള്‍ നല്‍കിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് പുതിയ തീരുമാനം.
Discussion about this post