തിരുവനന്തപുരം: കഴക്കൂട്ടത്തേക്ക് കോൺഗ്രസ് വിട്ടുവരുന്ന പ്രമുഖനെയാണ് പരിഗണിക്കുന്നതെന്ന സംസ്ഥാന നേതൃത്വത്തിന്റെ പിടിവാശിക്ക് മുന്നിൽ പതറാതെ വീണ്ടും ശോഭ സുരേന്ദ്രൻ രംഗത്ത്. കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശോഭ സുരേന്ദ്രൻ. താൻ വിശ്വാസികൾക്കുവേണ്ടിയാണ് മത്സരത്തിനിറങ്ങുന്നതെന്ന് ശോഭ സുരേന്ദ്രൻ പ്രഖ്യാപിച്ചു.
കഴിഞ്ഞ അഞ്ചുവർഷക്കാലം വിശ്വാസികൾക്ക് ദ്രോഹം ചെയ്ത ദേവസ്വം മന്ത്രി കടകംപള്ളിയ്‌ക്കെതിരായി മത്സരിക്കണമെന്നതാണ് വിശ്വാസികളുടെ പ്രതിനിധിയെന്ന നിലയിൽ തന്റെ നിലപാട്. മത്സരിക്കില്ലെന്ന് മുൻപ് പറഞ്ഞതെന്തുകൊണ്ട് എന്നതല്ല, ഇപ്പോൾ എന്തുകൊണ്ട് മത്സരിക്കുന്നു എന്നതാണ് ഇവിടുത്തെ ചോദ്യമെന്ന് ശോഭ പ്രതികരിച്ചു. വ്യക്തിപരമായ അസൗകര്യമുള്ളതിനാൽ ഇത്തവണ മത്സരത്തിനിറങ്ങുന്നില്ലെന്നായിരുന്നു ശോഭ ബിജെപി നേതൃത്വത്തെ അറിയിച്ചിരുന്നത്.
‘കടകംപള്ളി സുരേന്ദ്രൻ മത്സരിക്കുന്നു എന്നത് തന്നെയാണ് മത്സരിക്കാൻ ഇറങ്ങുന്നതിന്റെ സാംഗത്യം. തെരഞ്ഞെടുപ്പായതിനാൽ ഓരോ മിനിറ്റും സജീവമായി പ്രവർത്തിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതാണോ, അതോ മത്സരിക്കാതെ പ്രചരണപരിപാടികളിൽ സജീവമാകുകയാണോ ഉചിതം എന്നുള്ളതെല്ലാം ബിജെപി ദേശീയ നേതൃത്വമാണ് തീരുമാനിക്കുന്നത്. അവർ പലവട്ടം ചർച്ചചെയ്ത് തീരുമാനമെടുത്തതായാണ് മനസിലാക്കുന്നത്. ഇനി അതിൽ ഇടയ്ക്ക് ഇടപെടേണ്ട ആവശ്യമില്ല. ഞാൻ സ്ഥാനാർഥിയായേക്കുമെന്ന വാർത്ത പക്ഷേ ഞാൻ അറിയുന്നത് ടെലിവിഷനിലൂടെയാണ്. കെ സുരേന്ദ്രനോട് ഫോണിൽ പോലും സംസാരിച്ചിട്ടില്ല’. ശോഭ പറയുന്നു.