നികുതി പണം മുടിപ്പിച്ചിട്ടല്ല എംപി കസേരയില്‍ ഇരിക്കുന്നത്: വിമാനടിക്കറ്റുകള്‍ക്കുപോലും എംപിയെന്ന പരിഗണന ഉപയോഗിക്കാറില്ല; സുരേഷ് ഗോപി

കൊച്ചി: ജനങ്ങളുടെ നികുതി പണം മുടിപ്പിച്ചിട്ടല്ല ഞാന്‍ എംപി കസേരയില്‍ ഇരിക്കുന്നതെന്ന് സുരേഷ് ഗോപി എംപി. പന്തളം സുധാകരന് മറുപടി പറയുകയായിരുന്നു സുരേഷ് ഗോപി.

ട്വന്റിഫോറിന്റെ എന്‍കൗണ്ടറിലൂടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ചര്‍ച്ചയില്‍ കെ മുരളീധരന്‍ രാജിവച്ച് മത്സരിക്കുമോ എന്ന് ബിജെപിയുടെ ബി ഗോപാലകൃഷ്ണന്‍ ചോദിച്ചു.

സുരേഷ് ഗോപി രാജിവച്ച് മത്സരിക്കട്ടെയെന്ന് കോണ്‍ഗ്രസിന്റെ പന്തളം സുധാകരന്‍ തിരിച്ചടിച്ചതോടെയാണ് പന്തളം സുധാകരന് മറുപടിയുമായി സുരേഷ് ഗോപി ടെലിഫോണ്‍ ലൈനില്‍ എത്തിയത്.

‘മുരളീധരന്‍ രാജിവയ്ക്കണം എന്ന പക്ഷക്കാരനല്ല ഞാന്‍. അദ്ദേഹം പൊരുതി നേടിയ ഒളിമ്പിക്ക് ട്രോഫി നഷ്ടപ്പെടാതിരിക്കട്ടെ എന്നേ ഞാന്‍ പറയൂ. പന്തളം സുധാകരനെ പോലുള്ള ഒരു നേതാവ് നോമിനേറ്റഡ് എംപി എങ്ങനെയാണ് വരുന്നതെന്ന് അറിയണം.

അത്തരം വിവരം വളച്ചൊടിക്കാന്‍ ശ്രമിക്കരുത്. ഞാന്‍ സര്‍ക്കാരിന്റെ പണം ഉപയോഗിച്ചല്ല എംപിയെന്ന നിലയില്‍ ജീവിക്കുന്നത്. പന്തളം സുധാകരന്‍ വീട്ടില്‍ വന്നാല്‍ ഞാന്‍ എന്റെ കണക്കുകള്‍ കാണിച്ച് തരാം. എംപി ശമ്പളം ഞാന്‍ ഉപയോഗിച്ചിട്ടില്ല’- സുരേഷ് ഗോപി പറഞ്ഞു.

താന്‍ നേരിട്ട് നോമിനേറ്റ് ചെയ്ത് രാജ്യസഭയില്‍ എംപിയായ ആളാണ്. എംപിയുടെ ശമ്പളവുമായി ലഭിക്കുന്ന തുകയും അതില്‍ കൂടുതലും പാവങ്ങള്‍ക്കായി ചെലവഴിക്കാറുണ്ടെന്നും, ഒരാളുടെയും നികുതിപ്പണം താന്‍ മുടിപ്പിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

വിമാനടിക്കറ്റുകള്‍ എടുക്കുമ്പോള്‍ പോലും എംപിയെന്ന പരിഗണന താന്‍ ഉപയോഗിക്കാറില്ല. അതിനാല്‍ ഇത്തരം സര്‍ക്കസൊന്നും തന്റെ പേരില്‍ വേണ്ടന്നും സുരേഷ് ഗോപി പറഞ്ഞു.

താന്‍ ഇപ്പോള്‍ ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ലെന്നും, ആരോഗ്യനില തൃപ്തികരമായതിന് ശേഷം മാത്രമേ തെരഞ്ഞെടുപ്പിന് ഇറങ്ങൂവെന്ന് സുരേഷ് ഗോപി പറഞ്ഞു. തന്റെ സ്ഥാനാര്‍ത്ഥിത്വം നൂറ് ശതമാനം ഉറപ്പിക്കാനായില്ലെന്നും ദേശീയ നേതൃത്വം ആവശ്യപ്പെട്ടാല്‍ ഉറപ്പായും ഇറങ്ങുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

Exit mobile version