തിരുവനന്തപുരം: നേമത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെ ഒപ്പമിരുത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരനെ പുകഴ്ത്തി ഒ രാജഗോപാല്‍. കെ മുരളീധരന് ശക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണെന്നും സാക്ഷാല്‍ കരുണാകരന്റെ മകനാണെന്നും ഒ രാജഗോപാല്‍ പറഞ്ഞു. കെ മുരളീധരന് ശക്തനായ പ്രതിയോഗിയാണെന്നും ബിജെപി നേതാവ് ഒ രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
നേമത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെ ഒപ്പമിരുത്തിയായിരുന്നു ഒ രാജഗോപാലിന്റെ പ്രതികരണം. ഇന്ന് മുതലാണ് കുമ്മനം നേമം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്. പ്രചരണം ആരംഭിക്കുന്നതിന് മുന്നോടിയായാണ് സിറ്റിങ് എംഎല്‍എയും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ രാജഗോപാലിനെ വസതിയിലെത്തി കുമ്മനം കണ്ടത്.
കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് കെ മുരളീധരനെ പുകഴ്ത്തിയത്. അതേസമയം ഇത്തവണ നേമത്ത് ശക്തമായ മത്സരം നടക്കുമെന്ന് ഒ രാജഗോപാല്‍ പറഞ്ഞു. വി ശിവന്‍കുട്ടിയാണ് നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.
Discussion about this post