മലപ്പുറം: യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ഫലം കണ്ടില്ല. തവനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഫിറോസ് കുന്നംപറമ്പില്‍ തന്നെ മത്സരിക്കും. ഔദ്യോഗികമായ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടനുണ്ടാകും. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തവനൂരില്‍ കെ.ടി. ജലീലിന് എതിരെ ഫിറോസ് കുന്നംപറമ്പില്‍ മത്സരിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്ന് താന്‍ മത്സര രംഗത്തു നിന്ന് പിന്മാറുകയാണെന്ന് ഫിറോസ് കുന്നംപറമ്പില്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.
‘സന്തോഷത്തോടെ ഞാന്‍ മാറി നില്‍ക്കുകയാണ് ഒരിക്കലും ഞാന്‍ ആഗ്രഹിച്ചതല്ല മത്സരിക്കാന്‍, ആരെയും മാറ്റി നിര്‍ത്തിയിട്ട് എനിക്കൊരു സീറ്റ് വേണ്ട’, ഫിറോസ് കുന്നംപറമ്പില്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു.
തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പിച്ചിരുന്നു. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന് പുല്ലുവില കൊടുത്ത് വീണ്ടും നേതൃത്വം ഇടപെട്ട് ഫിറോസിനെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഫിറോസ് മത്സരിക്കാന്‍ സമ്മതം അറിയിച്ചിട്ടുണ്ട്.ഇതിനിടെ തവനൂരിലെ സിറ്റിങ് എംഎല്‍എ മന്ത്രി കെ.ടി. ജലീല്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
Discussion about this post