വയനാട്: തന്നോട് ആലോചിക്കാതെ ബിജെപി ദേശീയ നേതൃത്വം മാനന്തവാടിയിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനെ എതിർത്തതിന് പിന്നാലെ ഡോ.ബിആർ അംബേദ്ക്കറുടെ വാക്കുകൾ കടമെടുത്ത് മണിക്കുട്ടൻ എന്ന സി മണികണ്ഠൻ. ബിജെപി സ്ഥാനാർത്ഥിയാകാനില്ലെന്നും രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നില്ലെന്നും വ്യക്തമാക്കിയാണ് മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാർത്ഥിത്വത്തിൽ നിന്നും മണിക്കുട്ടൻ പിന്മാറിയത്. പിന്നാലെയാണ് അംബേദ്ക്കറുടെ വാക്കുകൾ ഉപയോഗിച്ച് ബിജെപിയെ പരോക്ഷമായി വിമർശിച്ചിരിക്കുന്നത്.
‘ഈ കാണുന്ന വിളക്കുകാലിൽ എന്നെ തലകീഴായി കെട്ടിത്തൂക്കിയാലും ഞാനെന്റെ ജനതയെ ഒറ്റുകൊടുക്കില്ല’ എന്ന അംബേദ്ക്കറിന്റെ വാക്കുകൾ പോസ്റ്റ് ചെയ്താണ് മണിക്കുട്ടന്റെ മറുപടി.
തന്നെ ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചെന്ന് ടിവിയിലൂടെയാണ് അറിഞ്ഞതെന്ന് മണിക്കുട്ടൻ പ്രതികരിച്ചിരുന്നു. തന്റെ സമ്മതമില്ലാതെയാണ് ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതെന്നും പ്രഖ്യാപനത്തിന് ശേഷമാണ് നേതാക്കൾ ബന്ധപ്പെട്ടതെന്നും മണിക്കുട്ടൻ പറഞ്ഞിരുന്നു. വയനാട്ടിൽ ഏറ്റവും അധികം വോട്ടർമാരുള്ള ആദിവാസി വിഭാഗമായ പണിയ സമുദായത്തിൽപ്പെട്ടയാണ് മണിക്കുട്ടൻ.
പണിയ സമുദായത്തിൽ നിന്നൊരാളും ഇതുവരെ നിയമസഭയിലേക്കോ ലോക്സഭയിലേക്കോ സ്ഥാനാർത്ഥിയായിയിട്ടില്ല. ഈ സാഹചര്യം മുതലെടുത്താണ് ബിജെപി മണിക്കുട്ടനെ സ്ഥാനാർത്ഥിയാക്കിയത്. എന്നാൽ, താൻ ബിജെപി അനുഭാവിയല്ലെന്നും തൊഴിലെടുത്ത് കുടുംബത്തോടൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും സ്ഥാനാർത്ഥിയാവാനില്ലെന്നും ചൂണ്ടിക്കാട്ടി മണിക്കുട്ടൻ വീഡിയോ പുറത്തിറക്കിയിരുന്നു.
പണിയ വിഭാഗത്തിൽ നിന്നുള്ള ആദ്യ എംബിഎ കാരൻ കൂടിയാണ് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ ടീച്ചിങ് അസിസ്റ്റന്റായ മണിക്കുട്ടൻ. ബിജെപിയുടെ ആദ്യ പത്ത് പേരുടെ ലിസ്റ്റിൽ മണിക്കുട്ടന്റെ പേരും ഉൾപ്പെടുത്തിയിരുന്നു.
Discussion about this post