കൊല്ലം/മലപ്പുറം: മുസ്ലിം ലീഗിന് പുനലൂർ മണ്ഡലമെന്ന് ഉറപ്പിച്ചതോടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. അബ്ദുറഹ്മാൻ രണ്ടത്താണി പുനലൂരിൽ ലീഗിനായി മത്സരിക്കും. പേരാമ്പ്രയിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ രണ്ടുദിവസത്തിനകം പ്രഖ്യാപിക്കുമെന്നും പാണക്കാട് തങ്ങൾ അറിയിച്ചു. കൂടാതെ, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ചുമതല പിഎംഎ സലാമിനെ ഏൽപ്പിച്ചു. നിലവിലെ സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് തിരൂരിലെ സ്ഥാനാർത്ഥിയായ സാഹചര്യത്തിലാണ് നടപടി.
ഇതിനിടെ, ലീഗ് ആവശ്യം ഉന്നയിച്ച കോൺഗ്രസിന്റെ സീറ്റായ പട്ടാമ്പിയുടെ കാര്യത്തിൽ വീണ്ടും ആശങ്ക ഉയർന്നു. പട്ടാമ്പിയിൽ മത്സരിക്കാനില്ലെന്ന് ആര്യാടൻ ഷൗക്കത്ത് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചതോടെയാണ് വീണ്ടും കോൺഗ്രസ് ആശയക്കുഴപ്പത്തിലായിരിക്കുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനം നടക്കാതെ മാറ്റിവെച്ചിരിക്കുന്ന ആറ് സീറ്റുകളിൽ ഒന്നായ പട്ടാമ്പി ആര്യാടൻ ഷൗക്കത്തിന് നൽകാനായിരുന്നു കോൺഗ്രിന്റെ അന്തിമതീരുമാനം.
എന്നാൽ, പട്ടാമ്പിയിൽ മത്സരിക്കാൻ താത്പര്യമില്ലെന്നാണ് ആര്യാടൻ ഷൗക്കത്ത് നേതൃത്വത്തെ അറിയിക്കുകയായിരുന്നു. പട്ടാമ്പി വേണ്ടെന്ന് ഷൗക്കത്ത് പറഞ്ഞതോടെ നിലമ്പൂരിലെ സ്ഥാനാർത്ഥി നിർണയവും പ്രതിസന്ധിയിലായി. വിവി പ്രകാശ് നിലമ്പൂരിൽ മത്സരിക്കട്ടെയെന്നായിരുന്നു രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും രാത്രിയിൽ നടത്തിയ ചർച്ചയിൽ ഉരുത്തിരിഞ്ഞ തീരുമാനം. ആര്യാടന്റെ പിന്മാറ്റത്തോടെ വീണ്ടും പ്രതിസന്ധിയിലായെങ്കിലും തീരുമാനം ഉടനെന്ന് മലപ്പുറം ഡിസിസി അധ്യക്ഷൻ വിവി പ്രകാശ് അറിയിച്ചിട്ടുണ്ട്.
Discussion about this post