തിരുവനന്തപുരം: സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ ഒഴിച്ചിട്ടിരുന്ന ആറ് സീറ്റുകളിലേക്ക് മത്സരാർത്ഥികളെ കോൺഗ്രസ് ഇന്നു പ്രഖ്യാപിക്കും. പ്രാദേശിക എതിർപ്പും തർക്കവും കാരണം മാറ്റിവെച്ച സീറ്റുകളിലേക്കാണ് പ്രഖ്യാപനമുണ്ടാവുക. കഴിഞ്ഞാത്രി ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലും നടത്തിയ ചർച്ചയിൽ ഈ സീറ്റുകളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് ധാരണയായി എന്നാണ് സൂചന.
കെപിസിസി അധ്യക്ഷനുമായുള്ള ആശയവിനിമയത്തിന് ശേഷമാകും എഐസിസി നേതൃത്വം അന്തിമ തീരുമാനമെടുത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക. കോൺഗ്രസ് മത്സരിക്കുന്ന 86 സീറ്റുകളിലെ സ്ഥാനാർത്ഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
വട്ടിയൂർക്കാവിൽ പിസി വിഷ്ണുനാഥാകും സ്ഥാനാർത്ഥി. ആദ്യം പരിഗണിച്ച കെപി അനിൽകുമാറിനും ജ്യോതി വിജയകുമാറിനുമെതിരേ മണ്ഡലത്തിൽ എതിർപ്പ് ഉയർന്നതോടെയാണ് മാറ്റം. കുണ്ടറയിലേക്കാണ് പിസി വിഷ്ണുനാഥിനെ ആദ്യം പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് കൊല്ലമായിരുന്നു താത്പര്യം. എന്നാൽ കൊല്ലം ബിന്ദു കൃഷ്ണയ്ക്ക് നൽകിയതോടെ വിഷ്ണുനാഥിനെ വട്ടിയൂർക്കാവിലേക്ക് മാറ്റിയിരിക്കുകയാണ്.
പ്രാദേശികമായ എതിർപ്പുണ്ടെങ്കിലും രാഹുൽ ഗാന്ധിക്കായി വയനാട് ലോക്സഭാ സീറ്റിലെ സ്ഥാനാർത്ഥിത്വം ഒഴിഞ്ഞ ടി സിദ്ധിഖിനെ കൽപ്പറ്റയിൽ തന്നെ മത്സരിപ്പിക്കാനാണ് സാധ്യത. ആര്യാടൻ ഷൗക്കത്തിനെ പട്ടാമ്പിയിലേക്ക് മാറ്റി നിലമ്പൂരിൽ വിവി പ്രകാശിനെ മത്സരിപ്പിച്ചേക്കും. തവനൂരിൽ റിയാസ് മുക്കോളിയേയും കുണ്ടറയിൽ ഈഴവ പ്രാതിനിധ്യം ഉറപ്പിക്കാൻ കല്ലറ രമേശിനേയും സ്ഥാനാർത്ഥിയാക്കാനാണ് ധാരണ.
Discussion about this post