കൊച്ചി: അനിശ്ചിതങ്ങള്‍ക്കൊടുവില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ പ്രതിഷേധം. സ്ഥാനാര്‍ഥി പട്ടികയില്‍ ഇടമില്ലെന്ന് ഉറപ്പായതോടെ തലമുണ്ഡനം ചെയ്ത് പ്രതിഷേധം പരസ്യമാക്കി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ്. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു.
സ്ത്രീകളെ മാറ്റിനിര്‍ത്തുന്ന കോണ്‍ഗ്രസ് നയത്തിനെതിരെ തലമുണ്ഡനം ചെയ്യുന്നു എന്നും തിരുത്തല്‍ ശക്തിയായി എന്നും ജനങ്ങള്‍ക്ക് ഇടയില്‍ ഉണ്ടാകുമെന്നുമാണ് ലതികാ സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞു.
കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ വച്ചാണ് അവര്‍ തലമുണ്ഡനം ചെയ്തത്. മറ്റൊരു പാര്‍ട്ടിയിലേക്ക് പോകില്ലെന്ന് വ്യക്തമാക്കിയ അവര്‍ സ്വതന്ത്രയായി മത്സരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും നാട്ടുകാരും കുടുംബാംഗങ്ങളുമായി ആലോചിച്ച് ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. പല പദവികളിലായി പതിറ്റാണ്ടുകള്‍ നീണ്ട പ്രവര്‍ത്തനങ്ങളെല്ലാം എണ്ണിപ്പറഞ്ഞ ലതികാ സുഭാഷ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പിക്കരഞ്ഞു.
അവസാന നിമിഷം ലതികയെ പരിഗണിച്ച വൈപ്പിനില്‍ ദീപക് ജോയിയെ പ്രഖ്യാപിച്ചു. വനിതകളെ തഴഞ്ഞെന്ന് ലതിക സുഭാഷ് തുറന്നടിച്ചു. ഏറ്റുമാനൂര്‍ സീറ്റ് ആഗ്രഹിച്ചിരുന്നുവെന്നും രമണി പി നായരെ തഴഞ്ഞതും സങ്കടകരമെന്നും ലതിക പറഞ്ഞു. ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മല്‍സരിക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ജന്മനാടായ ഏറ്റുമാനൂരില്‍ മത്സരിക്കണമെന്ന ആഗ്രഹമാണ് അവര്‍ തുടക്കം മുതല്‍ പങ്കുവച്ചിരുന്നത്. ഇക്കാര്യം ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കം മുതിര്‍ന്ന നേതാക്കളെ എല്ലാം അറിയിക്കുകയും ചെയ്തിരുന്നു. അനുഭാവ പൂര്‍വ്വമായ സമീപനം പ്രതീക്ഷിച്ചിരുന്ന അവര്‍ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നതോടെയാണ് പ്രതികരണവുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.
സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഏറെ ദുഖമുണ്ടെന്ന് ലതികാ സുഭാഷ് പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി അലഞ്ഞ സ്ത്രീകളെ എല്ലാം അവഗണിച്ചു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരയേണ്ടി വന്നു കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണക്ക് സീറ്റ് കിട്ടാന്‍ എന്നും ലതികാ സുഭാഷ് പറഞ്ഞു.
ആരോടുമുള്ള പോരല്ല പ്രതിഷേധം. തീരുമാനം ആര്‍ക്കെങ്കിലും മുറിവേറ്റെങ്കില്‍ ക്ഷമ ചോദിക്കുന്നു. മറ്റൊരു പാര്‍ട്ടിയിലും പോകാന്‍ ഉദ്ദേശിക്കുന്നില്ല. മറ്റ് കാര്യങ്ങളെ കുറിച്ച് അടുപ്പമുള്ള പാര്‍ട്ടി പ്രവര്‍ത്തകരുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു.