തിരുവനന്തപുരം: ബിജെപി ഏജന്റുമാർ കോടികൾ വാഗ്ദാനം ചെയ്ത് കോൺഗ്രസ് നേതാക്കളെ സമീപിച്ചെന്ന വെളിപ്പെടുത്തൽ കെട്ടിച്ചമച്ചത് എന്ന് ആരോപിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ഇത്തരം പ്രചാരണങ്ങൾ ആസൂത്രിതമാണ്. കോൺഗ്രസ് നേതാക്കൾ ബോധപൂർവം മെനഞ്ഞെടുത്ത വാർത്തയാണിതെന്നും അദ്ദേഹം പറഞ്ഞു.
കോടികൾ വാഗ്ദനം ചെയ്ത് ബിജെപിയിൽ ചേരാൻ തന്നെ സമീപിച്ചുവെന്ന എംഎ വാഹിദിന്റെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു ഗോപാലകൃഷ്ണന്റെ പ്രതികരണം. ഇതെല്ലാം കോൺഗ്രസുകാരുടെ തട്ടിപ്പാണ്. സംസ്ഥാനത്ത് കോൺഗ്രസിലെ പല നേതാക്കളും ബിജെപിയിലേക്ക് വരാൻ മാനസികമായി തയ്യാറെടുത്ത് നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ ചില ആളുകളെ ഉപയോഗിച്ച് ഇത്തരത്തിൽ വാർത്തകൾ സൃഷ്ടിക്കാനുള്ള കോൺഗ്രസിന്റെ ആസൂത്രിത പദ്ധതിയുടെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു.
മുൻ കോൺഗ്രസ് നേതാവ് വിജയൻ തോമസ് ബിജെപിയിലേക്ക് വന്നതോടെ എന്തെങ്കിലും പറഞ്ഞുപിടിച്ച് നിൽക്കേണ്ടതിനാലാണ് വാഹിദിനെ വെച്ച് ഇത്തരമൊരു കഥ മെനഞ്ഞത്. ബിജെപിയിലേക്ക് ഒരാൾ വരുന്നുണ്ടെങ്കിൽ അദ്ദേഹത്തിന് പാർട്ടിയിലേക്ക് വരാൻ താത്പര്യമുണ്ടോയെന്ന് അന്വേഷിച്ച ശേഷം മാത്രമേ അദ്ദേഹത്തെ കാണാനായി പോവുകയുള്ളു. അതല്ലാതെ ഒരിക്കലും ബിജെപിയിലേക്ക് വരാൻ സാധ്യതയില്ലാത്ത ഒരാളെ പോയി കാണാൻ ബിജെപിക്കാർ പൊട്ടൻമാരല്ല. ഇതെല്ലാം കോൺഗ്രസ് നേതാക്കൾ ബോധപൂർവ്വം ഉണ്ടാക്കിയെടുക്കുന്നതാണെന്നും ഗോപാലകൃഷ്ണൻ കുറ്റപ്പെടുത്തി.
നേരത്തെ, ബിജെപി സ്ഥാനാർത്ഥിയാക്കാമെന്നും സംസ്ഥാനത്തെ ഏത് മണ്ഡലത്തിൽ വേണമെങ്കിലും മത്സരിക്കാമെന്നും കോടികൾ നൽകാമെന്നും ബിജെപി ഏജന്റുമാർ വാഗ്ദാനം ചെയ്തു എന്നായിരുന്നു എംഎ വാഹിദിന്റെ വെളിപ്പെടുത്തൽ.
Discussion about this post