മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് എൻഡിഎ സ്ഥാനാർത്ഥി എപി അബ്ദുള്ളക്കുട്ടി. ബിരിയാണി ചെമ്പിൽ കഞ്ഞിവച്ചതുപോലെയാണ് എംപി സ്ഥാനത്തുനിന്ന് മാറി എംഎൽഎ സ്ഥാനത്തേക്ക് മത്സരിക്കുന്ന പികെ കുഞ്ഞാലിക്കുട്ടിയുടെ അവസ്ഥയെന്ന് അബ്ദുള്ളക്കുട്ടി പരിഹസിച്ചു.
പഴയ മലപ്പുറമല്ല ഇപ്പോൾ. കാര്യങ്ങളൊക്കെ മാറിമറിയുകയാണ്. മലപ്പുറവും മാറും എന്നാണ് പ്രതീക്ഷിക്കുന്നത്. മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പ് തന്നെ അപ്രതീക്ഷിതമാണ്. എന്റെ സ്ഥാനാർത്ഥിത്വത്തേയും വേണമെങ്കിൽ അങ്ങനെ പറയാം. കുഞ്ഞാലിക്കുട്ടി കാണിച്ചത് ഒരിക്കലും ശരിയല്ല. മലപ്പുറത്ത് അനാവശ്യമായി ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കി എന്നത് പ്രധാനപ്പെട്ട ഒരു പ്രചാരണ വിഷയമാണ് അബ്ദുള്ളക്കുട്ടി പറഞ്ഞു.
നരേന്ദ്ര മോഡി രാജ്യത്ത് നടപ്പാക്കിയ വികസനമാണ് തെരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങുന്നതിനുള്ള കരുത്തെന്നും അദ്ദേഹം സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു. കേരളത്തിൽ ഈ പ്രധാനപ്പെട്ട ജില്ലയിൽ വികസനം ഇതുവരെ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫും യുഡിഎഫും ഭരണത്തിൽ വന്നിട്ടും കാര്യമായ വികസന പ്രവർത്തനങ്ങളൊന്നും വന്നിട്ടില്ല എന്ന് ഇവിടെ വന്നപ്പോഴാണ് മനസിലായത്. ബിജെപി വർഗീയ പാർട്ടിയാണെന്ന ആരോപണങ്ങൾക്കുള്ള മറുപടികൂടിയാണ് മലപ്പുറത്തെ തന്റെ സ്ഥാനാർത്ഥിത്വമെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.
Discussion about this post