ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലെ അനിശ്ചിതത്വം നീങ്ങിയതിന് പിന്നാലെ ബിജെപിയും ഞായറാഴ്ച സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. സ്ഥാനാർത്ഥികളെ സംബന്ധിച്ച ചർച്ച പാർലമെന്റി ബോർഡ് പൂർത്തിയാക്കിയെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മാധ്യമങ്ങളെ അറിയിച്ചു. കേരള ഘടകത്തിന്റെ നിർദേശങ്ങൾ കേന്ദ്ര നേതൃത്വത്തിന് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കാനും സാധ്യതയേറി. അദ്ദേഹം ഡൽഹിയിൽനിന്ന് നേരെ മംഗലാപുരം വഴി കാസർകോട്ടേക്ക് പ്രചാരണത്തിന് തുടക്കമിടാനായി പോകുമെന്നാണ് പുറത്തുവരുന്ന വിവരം.
ബിജെപി കേരള ഘടകം അവസാനം സമർപ്പിച്ച പട്ടികയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി വലിയ മാറ്റങ്ങളില്ലാതെ അംഗീകാരം നൽകിയെന്നാണ് വിവരം. ഒന്നര മണിക്കൂർ മാത്രമാണ് സ്ഥാനാർത്ഥിപ്പട്ടിക സംബന്ധിച്ച ചർച്ച നടന്നത്. ഞായറാഴ്ച ഉച്ചയോടെ ബിജെപിയുടെ സ്ഥാനാർത്ഥിപ്പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.
Discussion about this post