‘ആ കുഞ്ഞ് സുഖമായിരിക്കുന്നു’: യാത്രയ്ക്കിടെ തോട്ടുവക്കില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന യുവതി പിടിയില്‍, കുഞ്ഞിന്റെ അടുത്തെത്തിച്ചു

അങ്കമാലി: വാളയാറിന് സമീപം യാത്രയ്ക്കിടെ തോട്ടുവക്കില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവതി പിടിയില്‍. പശ്ചിമബംഗാള്‍ സ്വദേശിനി ഹസീനയാണ് (34) പിടിയിലായത്. അങ്കമാലിയില്‍ നിന്ന് ഇന്ന് ഉച്ചയോടെയാണ് ഇവരെ പിടികൂടിയത്.

കരാര്‍ ജോലിക്ക് അങ്കമാലി സ്വദേശി ഏര്‍പ്പെടുത്തിയ ടൂറിസ്റ്റ് ബസില്‍ പശ്ചിമബംഗാളില്‍ നിന്ന് കേരളത്തിലേക്ക് വരുകയായിരുന്ന സംഘത്തോടൊപ്പമായിരുന്നു ഇവര്‍. ബസ് പാലക്കാടിനടുത്തെ പേട്ടക്കാട് എത്തിയപ്പോള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ തടഞ്ഞ് പരിശോധിച്ചു.

ഈ സമയം യുവതി പുറത്തേക്ക് ഇറങ്ങിപ്പോയി. ഛര്‍ദിക്കാന്‍ ഇറങ്ങിപ്പോയതെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞത്. ഇവിടെയാണ് പെണ്‍കുഞ്ഞിനെ പ്രസവിച്ചതെന്നാണ് വിവരം. തുടര്‍ന്ന് കുഞ്ഞിനെ ചുള്ളിമട പേട്ടക്കാട് വെള്ളമില്ലാത്ത തോട്ട്‌വക്കില്‍ ഉപേക്ഷിച്ച് യുവതി ബസില്‍ കയറി അങ്കമാലിയിലേക്ക് യാത്ര തുടര്‍ന്നു.

തോടിന് അടുത്തെത്തിയ പഴം വില്‍പനക്കാര്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് നടത്തിയ പരിശോധനയിലാണ് നവജാതശിശുവിനെ കണ്ടെത്തിയത്. ഉടന്‍ ആളുകളെ വിളിച്ചുകൂട്ടുകയും വാളയാര്‍ പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. വാളയാര്‍ പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ കുഞ്ഞ് ജനിച്ചിട്ട് മണിക്കൂറുകള്‍ മാത്രമേ ആയുള്ളൂ എന്നു വ്യക്തമായി. വാളയാര്‍ പോലീസ് വിവിധ സ്‌റ്റേഷനുകളില്‍ അറിയിച്ചു.

കുഞ്ഞിന്റെ അമ്മയ്ക്കായി നടത്തിയ അന്വേഷണത്തിലാണ് ഇതരസംസ്ഥാനത്ത് നിന്നു വരികയായിരുന്ന വാഹനത്തിലെ യാത്രക്കാരിയാണ് കുഞ്ഞിന്റെ അമ്മയെന്ന് തിരിച്ചറിഞ്ഞത്. ഈ വാഹനം പേട്ടക്കാട് എത്തിയപ്പോള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ തടഞ്ഞ് പരിശോധന നടത്തിയിരുന്നു.

ഇതിനിടെ ഒരു സ്ത്രീ പുറത്തേയ്ക്ക് ഇറങ്ങിപ്പോയത് പരിസര വാസികള്‍ ശ്രദ്ധിച്ചിരുന്നു. ഇവര്‍ ഛര്‍ദിക്കാന്‍ ഇറങ്ങിപ്പാകുകയാണ് എന്നാണ് ഒപ്പമുണ്ടായിരുന്നവരോടു പറഞ്ഞത്. ഈ സമയം പ്രസവിച്ച ശേഷം കുഞ്ഞിനെ സ്ഥലത്ത് ഉപേക്ഷിച്ച് തിരികെ വന്നു ബസില്‍ കയറി ഇരിക്കുകയായിരുന്നു.

ബസ് അങ്കമാലിയിലെത്തിയപ്പോള്‍ പോലീസ് തടഞ്ഞ് ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ ഗര്‍ഭിണിയായിരുന്നു എന്നത് ഉള്‍പ്പടെയുള്ള വിവരം സഹയാത്രക്കാര്‍ അറിയിക്കുന്നത്. കോതമംഗലത്തേയ്ക്കു പോകുകയായിരുന്ന ബസിലായിരുന്നു ഇവരുണ്ടായിരുന്നത്.

ഉച്ചക്ക് 12.45ഓടെ അങ്കമാലി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കിയപ്പോള്‍ മണിക്കൂറുകള്‍ക്കുമുമ്പ് പ്രസവിച്ചതായി തെളിഞ്ഞു. തുടര്‍ന്ന് യുവതിക്ക് ആശുപത്രിയില്‍ പ്രാഥമികചികിത്സ നല്‍കി.

നേരത്തെ ആലുവയില്‍ ജോലി ചെയ്തിരുന്ന ഇവരുടെ കൂടെ പ്രായം കുറഞ്ഞ ബന്ധുവായ യുവാവുണ്ടായിരുന്നു. മറ്റൊരു ബന്ധു ആലുവയിലും ഉണ്ടെന്നു പറഞ്ഞതിനെ തുടര്‍ന്ന് അയാളോട് സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പെണ്‍കുഞ്ഞിനെ കഞ്ചിക്കോട് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ച് പ്രാഥമികചികിത്സ നല്‍കിയശേഷം പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞ് സുഖമായിരിക്കുന്നു.

അങ്കമാലി പോലീസ് അറിയിച്ച പ്രകാരം വാളയാര്‍ പോലീസെത്തി തുടര്‍നടപടി പൂര്‍ത്തിയാക്കിയശേഷം വൈകീട്ട് അഞ്ചോടെ പാലക്കാട് ജില്ല ആശുപത്രിയിലുള്ള കുഞ്ഞിന്റെ അടുത്തേക്ക് ഇവരെ കൊണ്ടുപോയി. വിദഗ്ധചികിത്സക്ക് ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു.

Exit mobile version