കേരള ചരിത്രത്തില്‍ ആദ്യമായി ‘ജയില്‍വാസിയായ’ അച്ഛനുപകരം മകന്‍ മത്സരിക്കുന്നു; അപമാനഭാരമേറി കോണ്‍ഗ്രസ്

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പിലാണ് കേരള സംസ്ഥാനം. ഒട്ടുമിക്ക മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ് പ്രചാരണം ആരംഭിക്കുമ്പോള്‍ യുഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചകളും സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പുകളും പുരോഗമിക്കുന്നതേയുള്ളൂ. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് എല്‍ഡിഎഫ് പ്രചരണരംഗത്ത് കളംപിടിക്കുമ്പോള്‍ ലീഗ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയിലെ ഞെട്ടലിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ്.

കാരണം മറ്റൊന്നുമല്ല, മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് മത്സരിക്കില്ല. പകരം ലീഗ് അദ്ദേഹത്തിന്റെ മകന്‍ അഡ്വ. വിഇ അബ്ദുള്‍ ഗഫൂറിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. അതികായന്മാരായ രാഷ്ട്രീയ നേതാക്കളുടെ രാഷ്ട്രീയ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ മക്കളെ രാഷ്ട്രീയത്തിലേക്ക് ഇറക്കുന്നത് കേരളത്തിന് പുത്തരിയല്ല. എന്നാല്‍ ‘ജയില്‍വാസിയായ’ അച്ഛനുപകരം മകന്‍ മത്സരിക്കുന്നത് കേരള ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. ഇബ്രാഹിം കുഞ്ഞ് പാലാരിവട്ടം പാലത്തിന്റെ അഴിമതി ആരോപണത്തില്‍ മുങ്ങി നില്‍ക്കുമ്പോള്‍ മകനെ മത്സരത്തിനിറക്കുന്നത് യുഡിഎഫിനെ തുണയ്ക്കുമോ എന്ന് കണ്ടറിയണം.

കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയിലാണ് അബ്ദുള്‍ ഗഫൂറിന്റെ പേര് വന്നിരിക്കുന്നത്. എന്നാല്‍ തന്റെ മകന്‍ എന്ന നിലയിലല്ല വിഇ അബ്ദുള്‍ ഗഫൂര്‍ മത്സരിക്കുന്നതെന്ന് ഇബ്രാഹിം കുഞ്ഞ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. രാഷ്ട്രീയ നേതാക്കള്‍ മരിച്ചാല്‍ ഭാര്യമാരെയും മക്കളെയും സ്ഥാനാര്‍ത്ഥികളാക്കി സഹതാപതരംഗത്തില്‍ ജയിച്ചുകയറുക എന്ന തന്ത്രം കേരളത്തില്‍ ഇടതുമുന്നണിയും കോണ്‍ഗ്രസും പയറ്റിയിട്ടുണ്ട്. എന്നാല്‍ ജയില്‍വാസിയായ’ അച്ഛനുപകരം മകന്‍ മത്സരിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.

അതേസമയം, സൗത്ത് കളമശേരിയില്‍ ഇബ്രാഹിം കുഞ്ഞിനും മകനുമെതിരെ പോസ്റ്ററുകള്‍ വ്യപകമായി ഉയര്‍ന്നിട്ടുണ്ട്. ‘കളമശേരിക്കാര്‍ മണ്ടന്‍മാരല്ല’ ‘സേവ് കളമശേരി’ എന്ന വാചകങ്ങളിലാണ് പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. ജനകീയനേതാക്കള്‍ നേതാക്കള്‍ മരണമടയുമ്പോള്‍ മക്കളെ സ്ഥാനാര്‍ത്ഥികളാക്കി വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചു വരുന്ന കേരളത്തിന്റെ ‘മക്കള്‍ മാഹാത്മ്യ’ പാരമ്പര്യത്തിന് കളങ്കപ്പെടുത്തുന്നതാണ് അഴിമതിക്കേസില്‍ ജയില്‍വാസിയായ അച്ഛനുപകരം മകന്‍ മത്സരിക്കുന്നത്.

കേരളത്തിന്റെ മക്കള്‍ മാഹാത്മ്യത്തിന്റെ ചരിത്രം ഇങ്ങനെ…

ഉപതിരഞ്ഞെടുപ്പിലെ മക്കള്‍ മാഹാത്മ്യത്തിന് കേരളത്തില്‍ തുടക്കമിടുന്നത് പുനലൂരില്‍ ഇടുതുമുന്നണിയാണ്. 1996 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐയിലെ പികെ ശ്രീനിവാസനായിരുന്നു പുനലൂരിലെ സ്ഥാനാര്‍ത്ഥി. വോട്ടെടുപ്പു കഴിഞ്ഞപ്പോള്‍ തന്നെ തനിക്ക് ആറായിരത്തിലധികം ഭൂരിപക്ഷമുണ്ടാകുമെന്ന് മകന്‍ സുപാലിനോട് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ആ കണക്കുകൂട്ടല്‍ തെറ്റിയില്ല. ഫലം വന്നപ്പോള്‍ ശ്രീനിവാസന്‍ കോണ്‍ഗ്രസ് ഐ സ്ഥാനാര്‍ത്ഥി പുനലൂര്‍ മധുവിനെ 6698 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി. എന്നാല്‍ ആയുസിന്റെ കണക്കുപുസ്തകത്തില്‍ പിശകുണ്ടായിരുന്നു. മെയ് ഏഴിന് ഫലപ്രഖ്യാപന ദിവസം പുലര്‍ച്ചെ ശ്രീനിവാസന്‍ മരിച്ചു.

1996 ഒക്ടോബര്‍ 11-ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ശ്രീനിവാസന്റെ മകന്‍ പിഎസ് സുപാലിനെത്തന്നെ രംഗത്തിറക്കി. സഹതാപതരംഗം ആഞ്ഞുവീശിയപ്പോള്‍ അച്ഛനു കിട്ടിയതിനേക്കാള്‍ മൂന്നിരട്ടിയിലേറെ ഭൂരിപക്ഷം മകന് നേടാനായി. കോണ്‍ഗ്രസ് ഐ സ്ഥാനാര്‍ത്ഥി ഭാരതീപുരം ശശിയെ 21,333 വോട്ടുകള്‍ക്കാണ് സുപാല്‍ തോല്പിച്ചത്.

പിറവം മണ്ഡലത്തില്‍ നിന്ന് ജയിച്ച് മന്ത്രിയായ ടിഎം ജേക്കബ്ബിന്റെ മരണത്തെത്തുടര്‍ന്ന് പിറവത്ത് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ഐക്യ ജനാധിപത്യ മുന്നണി ആദ്യം മക്കള്‍ രാഷ്ട്രീയം പരീക്ഷിക്കുന്നത്. 2011 ഒക്ടോബര്‍ 30നായിരുന്നു ടിഎം ജേക്കബ്ബിന്റെ മരണം. ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജേക്കബ്ബിന്റെ മകന്‍ അനൂപ് ജേക്കബ്ബിനെ രംഗത്തിറക്കി. ടിഎം ജേക്കബ് പരാജയപ്പെടുത്തിയ നിസാര വോട്ടുകള്‍ക്ക് തോല്പിച്ച എംജെ ജേക്കബ്ബിനെത്തന്നെ ഇടതുമുന്നണി വീണ്ടും സ്ഥാനാര്‍ത്ഥിയാക്കി. 2012 മാര്‍ച്ച് 21 നു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചപ്പോള്‍ ടിഎം ജേക്കബ്ബിനോട് 157 വോട്ടിനു തോറ്റ എംജെ ജേക്കബ്ബിനെ അനൂപ് ജേക്കബ് 12,070 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.

അടുത്ത പരീക്ഷണവും യുഡിഎഫിന്റേതായിരുന്നു. അരുവിക്കര എംഎല്‍എയും സ്പീക്കറുമായിരുന്ന ജി കാര്‍ത്തികേയന്‍ 2015 മാര്‍ച്ച് എട്ടിന് മരിച്ചതിനെത്തുടര്‍ന്നു നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഐ കാര്‍ത്തികേയന്റെ മകന്‍ കെഎസ് ശബരിനാഥിനെ സ്ഥാനാര്‍ത്ഥിയാക്കി. മുന്‍ സ്പീക്കറും മന്ത്രിയുമൊക്കെയായിരുന്ന എം വിജയകുമാറിനെ ഇടതുമുന്നണി രംഗത്തിറക്കിയപ്പോള്‍ ബിജെപിയും ഒ രാജഗോപിലനെ സ്ഥാനാര്‍ത്ഥിയാക്കി കളംനിറച്ചു.

2015 ജൂണ്‍ 27ന് നടന്ന ശക്തമായ ത്രികോണ മത്സരത്തില്‍ ശബരീനാഥ് 10,128 വോട്ടുകള്‍ക്ക് എം വിജയകുമാറിനെ പിന്നിലാക്കി വിജയിച്ചതുള്‍പ്പെടുന്നതാണ് കേരളത്തിന്റെ ‘മക്കള്‍ മാഹാത്മ്യ’ രാഷ്ട്രീയ ചരിത്രം.

Exit mobile version