നേമത്ത് മത്സരിക്കാന്‍ തയ്യാറാണ്; ഒരു റെയ്ഡ് നടത്തി എന്നെ മാറ്റാനാകില്ല; കെ മുരളീധരന്‍

കോഴിക്കോട്: ബിജെപിയുടെ ഏക മണ്ഡലമായ നേമത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് വടകര എം.പി കെ മുരളീധരന്‍. നേമത്ത് എന്നോട് മത്സരിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയ്യാറെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം എന്താണോ ആവശ്യപ്പെടുന്നത് അത് 100 ശതമാനം അനുസരിക്കും. നേമത്ത് അത്ര പേടിക്കേണ്ട കാര്യമൊന്നുമില്ല. കൈപ്പത്തി ചിഹ്നത്തില്‍ ആര് മത്സരിച്ചാലും ജയിക്കും. അത് കോണ്‍ഗ്രസ് മണ്ഡലമാണ്. കഴിഞ്ഞ തവണ സീറ്റ് പോയത് ചില പ്രത്യേക ആളുകള്‍ക്ക് സീറ്റ് കൊടുത്തത് കൊണ്ടാണ്. പുലി വേണമെങ്കില്‍ മണ്ഡലത്തില്‍ പുലി തന്നെ ഇറങ്ങുമെന്നും മുരളീധരന്‍ പറഞ്ഞു.

എനിക്ക് ബിജെപിയെ നേരിടാന്‍ ഭയമില്ല. ആദായനികുതി റെയ്ഡ് നടത്തിയിട്ടോ ഭീഷണിപ്പെടുത്തിയിട്ടോ എന്നെ മാറ്റാനാകില്ല. ഞാന്‍ എന്നും കോണ്‍ഗ്രസില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്നും മുരളിധരന്‍ പറഞ്ഞു. കരുണാകരനും കരുണാകരന്റെ മകനും സ്ഥാനാര്‍ത്ഥി ആവാന്‍ ഇതുവരെ പ്രതിഫലം ചോദിച്ചിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

വടകര സീറ്റ് ആര്‍എംപിക്ക് കൊടുത്തിട്ടുണ്ട്. സ്ഥാനാരത്ഥികളെ തീരുമാനിക്കേണ്ടത് അവരാണ്. അവിടെ ആര്‍എംപിയുടെ ആര് മത്സരിച്ചാലും യു.ഡി.എഫ് പിന്തുണയ്ക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version