തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. കോണ്‍ഗ്രസ് 91 സീറ്റുകളില്‍ മത്സരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് ശേഷം പ്രതികരിക്കുകയായിരുന്നു കെപിസിസി അധ്യക്ഷന്‍.
മത്സരിക്കുന്ന 91 മണ്ഡലങ്ങളില്‍ 81 മണ്ഡലങ്ങളുടെ കാര്യത്തില്‍ തീരുമാനമായെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. നേമം അടക്കം പത്ത് സീറ്റുകളുടെ കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകും. സ്ഥാനാര്‍ത്ഥികളുടെ പട്ടിക മറ്റന്നാള്‍ പ്രഖ്യാപിക്കും. പേരാമ്പ്രയിലും പുനലൂരും ലീഗും തൃക്കരിപ്പൂരില്‍ കേരള കോണ്‍ഗ്രസും മത്സരിക്കും. വടകരയില്‍ കെകെ രമ മത്സരിച്ചാല്‍ പിന്തുണയ്ക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
യുഡിഎഫിലെ ബാക്കി സീറ്റുകളില്‍ 27 സീറ്റില്‍ മുസ്ലീം ലീഗും മത്സരിക്കും കേരള കോണ്‍ഗ്രസ് ജോസഫ് പത്ത് സീറ്റിലും ആര്‍എസ്പി അഞ്ച് സീറ്റിലും കേരള എന്‍സിപി എലത്തൂരിലും പാലായിലും മത്സരിക്കും. ജനതാദള്‍ മലമ്പുഴ സീറ്റിലും സിഎംപി നെന്മാറയിലും കേരള കോണ്‍ഗ്രസ് ജേക്കബ് പിറവത്തും മത്സരിക്കും. അതേസമയം. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കും എന്നാണ് സൂചന.
എംപിമാര്‍ ആരും തന്നെ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഒരു മണിക്കൂറോളം നീണ്ട കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമാണ് നേതാക്കള്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയെന്നും ഭൂരിപക്ഷം സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചെന്നും വ്യക്തമാക്കിയത്.
മുഖ്യമന്ത്രി മത്സരിക്കുന്ന ധര്‍മ്മടം മണ്ഡലത്തില്‍ ഫോര്‍വേര്‍ഡ് ബ്ലോക്ക് ദേശീയ അധ്യക്ഷന്‍ ദേവരാജനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
Discussion about this post