ഇബ്രാഹിം കുഞ്ഞിനെ ഒഴിവാക്കി മകൻ മത്സരിക്കും; കാൽ നൂറ്റാണ്ടിന് ശേഷം ഒരു വനിതക്ക് സീറ്റ്; കുഞ്ഞാലിക്കുട്ടിക്കും മുനീറിനും കെപിഎയ്ക്കും ഇളവ്; 25 സീറ്റിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു

league_

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. 25 മണ്ഡലങ്ങളിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അഴിമതിക്കേസിൽ അറസ്റ്റിലായ വികെ ഇബ്രാഹിംകുഞ്ഞിനേയും നിക്ഷേപത്തട്ടിപ്പ് കേസിൽ പ്രതിയായ എംസി കമറുദ്ദീനേയും സ്ഥാനാർത്ഥി പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കളമശ്ശേരിയിൽ ഇബ്രാഹിംകുഞ്ഞിന് പകരം മകൻ വിഇ അബ്ദുൾഗഫൂറിനെ സ്ഥാനാർത്ഥിയാക്കി.

അതേസമയം, 1996ന് ശേഷം ഇതാദ്യമായി ഒരു വനിതാ സ്ഥാനാർത്ഥി ലീഗ് പട്ടികയിൽ ഇടംപിടിച്ചതും ശ്രദ്ധേയമായി. കോഴിക്കോട് സൗത്തിൽ നൂർബിന റഷീദിനാണ് നറുക്ക് വീണിരിക്കുന്നത്. 1996ൽ പഴയ കോഴിക്കോട് രണ്ടാം മണ്ഡലത്തിൽ വനിതാ ലീഗ് മുൻ അധ്യക്ഷ ഖമറുന്നീസ അൻവർ മത്സരിച്ചിരുന്നു. ഇതിന് ശേഷം കാൽനൂറ്റാണ്ടെടുത്തു ലീഗിന് ഒരു വനിതാ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ.

മൂന്ന് ടേം എന്ന നിബന്ധന പാലിച്ചാണ് സ്ഥാനാർത്ഥി നിർണയം. ഇതിൽ കുഞ്ഞാലിക്കുട്ടി, എംകെ മുനീർ, കെപിഎ മജീദ് എന്നിവർക്ക് ഇളവ് നൽകിയിട്ടുണ്ട്. എംകെ മുനീർ കോഴിക്കോട് സൗത്തിൽ നിന്ന് മാറി ഇത്തവണ കൊടുവള്ളിയിലാണ് മത്സരിക്കുക. കുഞ്ഞാലിക്കുട്ടി മുമ്പ് രാജിവെച്ച വേങ്ങരയിലേക്ക് തിരിച്ചെത്തി. കഴിഞ്ഞ തവണ കൈവിട്ട താനൂർ തിരിച്ചുപിടിക്കാൻ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനാണ് അവസരം നൽകിയിരിക്കുന്നത്. മഞ്ഞളാംകുഴി അലി കഴിഞ്ഞതവണ വിജയിച്ച പെരിന്തൽമണ്ണയിൽനിന്ന് മാറി പഴയ തട്ടകമായ മങ്കടയിലേക്ക് തിരിച്ചുപോയി.

കുന്ദമംഗലത്ത് ലീഗ് സ്ഥാനാർത്ഥിക്ക് പകരം യുഡിഎഫ് സ്വതന്ത്രനായി കോൺഗ്രസ് നേതാവ് ദിനേശ് പെരുമണ്ണയാണ് മത്സരിക്കുക. ലീഗിന്റെ ഈ തീരുമാനം തികച്ചും അപ്രതീക്ഷിതമായിരുന്നു. മലപ്പുറം ലോക്‌സഭ സീറ്റ് ഉപതെരഞ്ഞെടുപ്പിന് അബ്ദുസമദ് സമദാനിയായിരിക്കും യുഡിഎഫ് സ്ഥാനാർത്ഥി.

അതേസമയം, ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് പിവി അബ്ദുൽ വഹാബ് തന്നെ വീണ്ടും മത്സരിക്കും. പുനലൂർ, ചടയമംഗലം ഇതിൽ ഏത് സീറ്റാണെന്ന് അറിഞ്ഞ ശേഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. പേരാമ്പ്രയിലെ സ്ഥാനാർത്ഥിയെയും പിന്നീട് തീരുമാനിക്കും.

മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടിക ഇങ്ങനെ:

1.മഞ്ചേശ്വരം എംകെഎം അഷ്‌റഫ്
2.കാസർകോട് എൻ.എ. നെല്ലിക്കുന്ന്
3.അഴീക്കോട് കെ.എം ഷാജി
4.കൂത്തുപറമ്പ് പൊട്ടൻങ്കണ്ടി അബ്ദുള്ള
5.കുറ്റ്യാടി പാറക്കൽ അബ്ദുള്ള
6.കോഴിക്കോട് സൗത്ത് നൂർബിന റഷീദ്
7.കുന്നമംഗലം ദിനേശ് പെരുമണ്ണ
8.കൊടുവള്ളി എം.കെ. മുനീർ
9.തിരുവമ്പാടി സി.പി. ചെറിയമുഹമ്മദ്
10.കൊണ്ടോട്ടി ടി.വി. ഇബ്രാഹിം
11.ഏറനാട് പി.കെ. ബഷീർ
12.മഞ്ചേരി യു.എ. ലത്തീഫ്
13.പെരിന്തൽമണ്ണ നജീബ് കാന്തപുരം
14.മങ്കട മഞ്ഞളാംകുഴി അലി
15.മലപ്പുറം പി. ഉബൈദുള്ള
16.വേങ്ങര പി. കെ. കുഞ്ഞാലിക്കുട്ടി
17.വള്ളിക്കുന്ന് അബ്ദുൽ ഹമീദ്
18.തിരൂരങ്ങാടി കെ.പി.എ. മജീദ്
19.താനൂർ പി. കെ. ഫിറോസ്
20.തിരൂർ കുറുക്കോളി മൊയ്തീൻ
21.കോട്ടയ്ക്കൽ ആബിദ് ഹുസൈൻ തങ്ങൾ
22.മണ്ണാർക്കാട് എൻ. ഷംസുദ്ദീൻ
23.ഗുരുവായൂർ കെ.എൻ.എ. ഖാദർ
24.കളമശ്ശേരി വി.ഇ. അബ്ദുൾ ഗഫൂർ
25.കോങ്ങാട് യു.സി. രാമൻ

Exit mobile version