കൊച്ചി: പൊള്ളുന്ന വെയിലില്‍ ഒന്നരവയസ്സുകാരിയെ കംഗാരു ബാഗിലാക്കി നെഞ്ചോട് ചേര്‍ത്തുവച്ച് ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിയ്ക്കാനുള്ള ഓട്ടത്തിലാണ് രേഷ്മ. ഇക്കഴിഞ്ഞ വനിതാ ദിനത്തിലാണ് രേഷ്മ കുഞ്ഞിനെയും കൊണ്ട് സ്കൂട്ടറില്‍ സ്വിഗ്ഗിയുടെ ഭക്ഷണ വിതരണത്തിന് പോകുന്ന ദൃശ്യങ്ങള്‍ വൈറലായത്.
ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തപ്പോഴും രേഷ്മ ഇക്കാര്യങ്ങള്‍ ഒന്നും അറിഞ്ഞില്ല. ഒടുവില്‍ കൂട്ടുകാരി വഴിയാണ് രേഷ്മ ഈ ദൃശ്യങ്ങള്‍ കാണുന്നത്. ‘കണ്ടപ്പോള്‍ ഭയമാണ് തോന്നിയത്, ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും വിളിച്ചു ചോദിച്ചിരുന്നു ഇത് താനല്ലേയെന്ന്, അപ്പോഴാണ് ഏറെ ഭയന്നത്. ജോലി പോകുമോയെന്നായിരുന്നു പേടി. വേറെ ഒരു വഴിയുമില്ലാത്തുകൊണ്ടാണു കുഞ്ഞുമായി ജോലിക്കു പോകേണ്ടി വരുന്നത്. പെണ്‍കുഞ്ഞല്ലേ വിശ്വസിച്ച് ആരെ ഏല്‍പ്പിക്കും’ രേഷ്മ പറയുന്നു.
എറണാകുളം ഇടപ്പള്ളിയില്‍ താമസിക്കുകയാണ് കൊല്ലം ചിന്നക്കട സ്വദേശി എസ് രേഷ്മ. മകളെ കംഗാരു ബാഗിലാക്കി നെഞ്ചോട് ചേര്‍ത്തുവച്ച് ഭക്ഷണവിതരണത്തിനു പോകുമ്പോള്‍ മകള്‍ ഏറ്റവും സുരക്ഷിതയാണെന്ന് തോന്നുന്നെന്ന് രേഷ്മ പറയുന്നു.
രേഷ്മ വിവാഹിതയായി കൊച്ചിയിലെത്തിയിട്ട് നാലു വര്‍ഷമായി. പ്രണയ വിവാഹമായതിനാല്‍ വീട്ടുകാര്‍ വരാറില്ല. പ്ലസ്ടു സയന്‍സ് ജയിച്ച ശേഷം ഒരു ഡിപ്ലോമ കോഴ്സ് ചെയ്തു. അതുകഴിഞ്ഞായിരുന്നു വിവാഹം.
ഇപ്പോള്‍ കലൂരിലെ ഒരു സ്ഥാപനത്തില്‍ കോര്‍പ്പറേറ്റ് അക്കൗണ്ടിങ് കോഴ്സ് പഠിക്കുന്നുണ്ട്. അതിനു ഫീസടയ്ക്കാന്‍ കൂടി പണം വേണമെന്നതിനാലാണ് അല്പം കഷ്ടപ്പെട്ടായാലും ജോലിക്കു പോകാന്‍ തീരുമാനിച്ചതെന്ന് രേഷ്മ പറയുന്നു.
ഭര്‍ത്താവ് രാജു ജോലിക്കായി ഗള്‍ഫില്‍ പോയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഹോട്ടല്‍ ജോലി ചെയ്യുന്ന അദ്ദേഹം എല്ലാ മാസവും ചെറിയ ഒരു തുക അയച്ചു തരുമെങ്കിലും മതിയാകാത്ത അവസ്ഥയാണ്.
ആഴ്ചയില്‍ ആറു ദിവസവും കുഞ്ഞിനെ ഡേ കെയറില്‍ വിടുന്നുണ്ട്. എല്ലാ ദിവസവും സുന്ദിയമ്മ എന്ന അമ്മയാണ് കുഞ്ഞിനെ നോക്കുന്നത്. ഞായറാഴ്ച കൂടി അവരെ എങ്ങനെയാണു ബുദ്ധിമുട്ടിക്കുക എന്നോര്‍ത്താണു ജോലിക്കു പോകുമ്പോള്‍ കൂടെക്കൂട്ടുന്നത്. ഞായറാഴ്ച മാത്രമാണ് ജോലിക്കു പോകുമ്പോള്‍ കൂടെ കൂട്ടുന്നത്.
ക്ലാസുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്കു 12 മുതല്‍ രാത്രി ഒന്‍പതു വരെ ഭക്ഷണ വിതരണത്തിനു പോകും. ശനിയും ഞായറും ജോലി ചെയ്താല്‍ ഇന്‍സെന്റീവ് കൂടുതല്‍ കിട്ടും. സാമ്പത്തിക പ്രതിസന്ധിയുള്ള തനിക്ക് ഈ ദിവസങ്ങളില്‍ ജോലി ചെയ്യാതിരിക്കാന്‍ കഴിയില്ലെന്നും രേഷ്മ പറയുന്നു.
വീട്ട് വാടകയ്ക്ക് പണം വേണം, ഡേ കെയറിലും മറ്റു ചെലവുകളും കഴിഞ്ഞാല്‍ ഓരോ മാസവും ചെലവ് തന്നെയാണ് കൂടുതല്‍. പഠിക്കുന്ന സ്ഥാപനത്തില്‍ ഫീസ് അടയ്ക്കാന്‍ പോലും രേഷ്മ പ്രയാസപ്പെടുകയാണ്.
Discussion about this post