പാലോട്: വിവിധയിടങ്ങളിൽ ചികിത്സ നടത്തി വരികയായിരുന്ന വ്യാജഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. പത്താംതരം മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള മടത്തറ ഡീസന്റ്മുക്ക് ഹിസാന മൻസിലിൽ സോഫി മോൾ (43) ആണ് അറസ്റ്റിലായത്. മതിയായ യോഗ്യതകളില്ലാതെ ഡോക്ടറെന്ന് നടിച്ച് രോഗികൾക്ക് ചികിത്സ നൽകി വരികയായിരുന്നു ഇവരെന്ന് പോലീസ് കണ്ടെത്തി. പാലോട് പോലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
ആൾട്ടർനേറ്റ് മെഡിസിൻ സിസ്റ്റം പ്രാക്ടീസ് ചെയ്യുന്നതിന് തമിഴ്നാട്ടിലെ ഒരുസ്ഥാപനം നൽകിയ സർട്ടിഫിക്കറ്റും ഇന്ത്യൻ മാർഷ്യൽ ആർട്സ് അക്കാദമിയുടെ കളരിമർമ ഗുരുകുലത്തിന്റെ ഒരു സർട്ടിഫിക്കറ്റും മാത്രമാണ് ഇവർക്കുണ്ടായിരുന്നത്. ഇതുപയോഗിച്ച് പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇവർ സർജിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ച് പഴക്കമുള്ള മുറിവുകളും മറ്റും ചികിത്സിച്ചിരുന്നത്.
വർഷങ്ങളായി കാസർകോട് ജില്ലയിൽ നീലേശ്വരം, മടിക്കൈ, എരിക്കുളം കാഞ്ഞിരംവിള ഹൗസിൽ താമസിച്ച് ഭർത്താവുമൊത്തു വിവിധ സ്ഥലങ്ങളിൽ ഇവർ ചികിത്സ നടത്തി വരികയായിരുന്നെന്നും ഇപ്പോൾ ഭർത്താവുമായി പിണങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വന്തമായി ചികിത്സ നടത്തുകയായിരുന്നെന്നും പോലീസ് പറഞ്ഞു. സോഫിയ റാവുത്തർ എന്ന പേരിലും വൈദ്യ ഫിയ റാവുത്തർ തലശ്ശേരി എന്ന ഫേസ്ബുക്ക് അക്കൗണ്ട് മുഖേനയുമാണ് ഇവർ ചികിത്സയ്ക്കായി ആളുകളെ സംഘടിപ്പിച്ചിരുന്നത്.
ചികിത്സക്കായി ആളുകളിൽ നിന്ന് അമിത ഫീസും ഈടാക്കിയിരുന്നതായി പരാതിയുണ്ട്. ഡോ. സോഫി മോൾ എന്ന പേരിലുള്ള തിരിച്ചറിയൽ കാർഡും ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. മടത്തറയിലുള്ള സ്ഥാപനത്തിൽ ഇവർ ചികിൽസ നടത്തുന്നതായ പരസ്യം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് തിരുവനന്തപുരം റൂറൽ ജില്ല പോലീസ് മേധാവി പികെ മധുവിന്റെ നിർദേശപ്രകാരം നെടുമങ്ങാട് ഡിവൈഎസ്പി ജെ ഉമേഷിന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തിയത്.
പാലോട് ഇൻസ്പെക്ടർ സികെ മനോജ്, ഗ്രേഡ് എസ്ഐ ഇർഷാദ്, റൂറൽ ഷാഡോ ടീമിലെ ജിഎസ്ഐ ഷിബു, സജു, അനിൽകുമാർ, സീനിയർ സിപിഒ രാജേഷ്, പ്രശാന്ത്, സുനിത, നസീഹത്ത് എന്നിവരടങ്ങിയ സംഘമാണ് രണ്ട് ദിവസം നീരീക്ഷണം നടത്തി പ്രതിയെ പിടികൂടിയത്. പ്രതിയെ നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Discussion about this post