പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും ശബരിമല വിഷയം ചർച്ചയായതോടെ പന്തളം കൊട്ടാരം പ്രതിനിധിയെ സ്ഥാനാർത്ഥിയാക്കി രാഷ്ട്രീയ നീക്കത്തിനു മുതിർന്ന ബിജെപിക്ക് തിരിച്ചടി. കെ സുരേന്ദ്രൻ നേരിട്ടെത്തി ചർച്ച നടത്തിയെങ്കിലും രാഷ്ട്രീയ ഗോദയിലേക്കില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്ന പന്തളം കൊട്ടാരാംഗങ്ങൾ.
അയ്യപ്പന്റെ വിഷയത്തിൽ രാഷ്ട്രീയമില്ലെന്നും സ്ഥാനാർത്ഥിയാകാനില്ലെന്നും കൊട്ടാരം നിലപാടെടുത്തു. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിപ്പിച്ച് ബിജെപി പിന്തുണയ്ക്കാമെന്ന വാഗ്ദാനം മുന്നോട്ട് വെച്ചെങ്കിലും ഇതും പന്തളം കൊട്ടാരം അംഗീകരിച്ചിട്ടില്ല.
നേരത്തെ, പലവട്ടം കൊട്ടാരം പ്രതിനിധികളുമായി ബിജെപി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ എന്നാൽ ബിജെപിയുടെ ആവശ്യം കൊട്ടാരത്തിലെ അംഗങ്ങൾ തള്ളിക്കളയുകയായിരുന്നു. കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റ് ശശി കുമാര വർമ, സെക്രട്ടറി നാരായണ വർമ എന്നിവരെയാണ് ബിജെപി മത്സരിക്കാനായി സമീപിച്ചത്. പക്ഷേ തൽക്കാലം ശബരിമല വിഷയം രാഷ്ട്രീയവുമായി കൂട്ടിക്കെട്ടാനില്ല എന്ന നിലപാടാണ് കൊട്ടാരം സ്വീകരിച്ചത്.
ആറന്മുള മണ്ഡലം ലക്ഷ്യമിട്ടുകൊണ്ടാണ് ബിജെപി ഇത്തരത്തിലൊരു ശ്രമം നടത്തിയത്. ഇത് നടന്നിരുന്നുവെങ്കിൽ സംസ്ഥാനമൊട്ടാകെ നിരഞ്ഞെടുപ്പിൽ ശബരിമല വിഷയം വീണ്ടും ചർച്ച ചെയ്യപ്പെടുമെന്നും ഇതിന്റെ ഗുണഭോക്തളായി എൻഡിഎ മാറിയേക്കുമെന്നും വിലയിരുത്തിയിരുന്നു. എന്നാൽ, അയ്യപ്പനെ രാഷ്ട്രീയ വിഷയമാക്കി മാറ്റുവാൻ താൽപര്യപ്പെടുന്നില്ല എന്ന നിലപാടാണ് കൊട്ടാരം പ്രതിനിധികൾ എടുത്തത്.
Discussion about this post