ന്യൂഡൽഹി: കേന്ദ്രസർക്കാരിന് എതിരെ അഴിമതി ആരോപണവുമായി സ്വീഡിഷ് മാധ്യമം. പ്രമുഖ സ്വീഡിഷ് വാഹനനിർമാണ കമ്പനി സ്കാനിയ ഇന്ത്യയിലെ പ്രമുഖർക്ക് കൈക്കൂലി നൽകിയെന്നാണ് ആരോപണം. ഏഴു സംസ്ഥാനങ്ങളിലെ പൊതുഗതാഗതത്തിനായി കരാറുകൾ ഉറപ്പിക്കാൻ ഇന്ത്യയിലെ ചിലർക്ക് കൈക്കൂലി നൽകിയെന്നാണ് മാധ്യമത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്. കമ്പനിയുടെ ഒരു ആഭ്യന്തര അന്വഷണ റിപ്പോർട്ട് ഉദ്ധരിച്ച് സ്വീഡിഷ് ഔദ്യോഗിക മാധ്യമമായ എസ്വിടിയാണ് ഇതുസംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചത്. ആരോപണമുയർന്ന പശ്ചാത്തലത്തിൽ സ്കാനിയ വാഹനനിർമാണ കമ്പനി ഇന്ത്യയിൽ ബസ് വിൽപ്പന നിർത്തിവെച്ചതായും റിപ്പോർട്ടുണ്ട്.
2013-2016 കാലഘട്ടത്തിലാണ് വിവാദ സംഭവം. ഇന്ത്യയിലെ പൊതുമേഖലാ ബസ് കമ്പനികളുമായി കരാറുകൾ ഉറപ്പിക്കുന്നതിന് വൻതുക വാഹനനിർമ്മാതാക്കൾ കൈക്കൂലി നൽകിയതായാണ് പ്രധാന ആരോപണം. ഇന്ത്യയിലെ ഒരു കൽക്കരി കമ്പനിക്ക് 100 ട്രക്കുകൾ കൈമാറിയതായി വ്യാജവാഹന രേഖകൾ ഉണ്ടാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, കേരളം ഉൾപ്പെടയുള്ള സംസ്ഥാനങ്ങളിൽ 2016ലാണ് കെഎസ്ആർടിസിയുടെ സ്കാനിയ ബസ് എത്തിയതെന്നതും സംശയത്തിനടാക്കുകയാണ്.
ഗഡ്കരിയുടെ മകളുടെ വിവാഹാവശ്യത്തിനായി ആഡംബര ബസ് ഗഡ്കരിയുടെ മകന് ബന്ധമുള്ള കമ്പനിക്ക് നൽകിയതായും ഇതിന്റെ വില പൂർണ്ണമായി നൽകിയിട്ടില്ലെന്നുമാണ് റിപ്പോർട്ടിൽ ആരോപിക്കുന്നത്. അതേസമയം, നിതിൻ ഗഡ്കരിക്ക് സ്കാനിയ ബസ് വിറ്റിട്ടില്ലെന്നാണ് സ്കാനിയയുടെ വക്താവ് വാർത്താ ഏജൻസിയോട് പ്രതികരിച്ചത്. കൂടുതൽ വിശദീകരണം നൽകാൻ കമ്പനി വക്താവ് തയ്യാറായില്ല.
കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുടെ മകളുടെ വിവാഹത്തിന് സ്കാനിയ കമ്പനി ആഡംബര ബസ് നൽകിയെന്ന ആരോപണം ഉൾപ്പടെയുള്ളവ മന്ത്രി തള്ളിയിട്ടുണ്ട്. ആരോപണം അടിസ്ഥാനരഹിതമാണെന്നും കെട്ടിച്ചമച്ചതാണെന്നും മന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ അവകാശപ്പെടുന്നു.
ആരോപണവുമായി ഗഡ്കരിക്കോ കുടുംബത്തിനോ ബന്ധമില്ലെന്നാണ് മന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ വിശദീകരിച്ചിരിക്കുന്നത്. ‘ബസ് വാങ്ങിയതുമായി കുടുംബാംഗങ്ങൾക്ക് യാതൊരു ബന്ധവുമില്ല. സ്കാനിയയുടെ ഇന്ത്യയിലെ ഓഫീസിന്റെ വിശദീകരണം വരുന്നതുവരെ കാത്തിരിക്കാൻ മാധ്യമങ്ങൾ തയ്യാറാകണം. എഥനോൾ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്കാനിയയുടെ ബസ് നാഗ്പുരിൽ പ്രചരിപ്പിക്കുന്നതിന് മന്ത്രി ഗഡ്കരിയാണ് മുൻകൈയെടുത്തത്. പൈലറ്റ് പദ്ധതി നടപ്പാക്കാൻ നാഗ്പുർ മുനിസിപ്പൽ കോർപ്പറേഷന് മന്ത്രി നിർദേശം നൽകിയിരുന്നു’ ഓഫീസ് വ്യക്തമാക്കി.
Discussion about this post