മാങ്കാംകുഴി: കുട്ടിക്കാലത്തും പഠനകാലത്തും എല്ലാം കഷ്ടപ്പാടുകൾ നിറഞ്ഞ പാതകളിലൂടെ നടന്നുവന്ന സാധാരണക്കാരിൽ സാധാരണക്കാരനായ അരുൺ മാവേലിക്കര മണ്ഡലത്തിന്റെ സ്ഥാനാർത്ഥിയായി എത്തുമ്പോൾ ഇത് ജനാധിപത്യത്തിന്റെ കൂടി വിജയമാണ്. നാടിന്റെ പ്രതിനിധിയാവാൻ തഴക്കര കല്ലിമേൽ മാണ്ണത്തുംപാട്ട് വീട്ടിൽ അരുൺ കുമാറിനെ പാർട്ടി നിയോഗിക്കുമ്പോൾ അറിയണം സിനിമാക്കഥയെ വെല്ലുന്ന ഹീറോയിസം കാണിച്ച് പടവെട്ടി കയറിയ ഈ അതിജീവനത്തെ.
പാർട്ടിയോടൊപ്പമാണ് എംഎസ് അരുൺ കുമാർ വളർന്നത്. പാർട്ടിയാണ് അരുണിനെ പഠിപ്പിച്ചതും ഇച്ഛാശക്തിയുള്ള വ്യക്തിയാക്കി വളർത്തിയതും. കൂലിപ്പണിക്കാരായ സുന്ദരദാസ്-വിലാസിനി ദമ്പതിമാരുടെ മകനായ അരുണിന്റെ പ്രാഥമിക വിദ്യാഭ്യാസം കൊല്ലകടവ് സിഎംഎസ്എൽപി സ്‌കൂളിലും തഴക്കര എംഎസ്എം സെമിനാരി സ്‌കൂളിലുമായിരുന്നു. തുടർന്നു പഠിപ്പിക്കാൻ പണമില്ലാതെ സുന്ദരദാസ് വിഷമിച്ചതോടെ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അഡ്വ. സിഎസ് സുജാത ഇടപെട്ട് അരുണിനെ കറ്റാനം പോപ്പ്പയസ് ഹയർസെക്കന്ററി സ്‌കൂളിൽ ബോർഡിങ്ങിൽ ചേർത്തതാണ് വിദ്യാഭ്യാസ ഘട്ടത്തിൽ വഴിത്തിരിവായത്.
പിന്നീട് പിതാവ് 2002ൽ സുന്ദരദാസ് മരിച്ചതോടെ അമ്മ വിലാസിനി മക്കളെ പോറ്റാനായി കൂലിവേലക്കാരിയായി. പഠനത്തിൽ മിടുക്കനായിരുന്ന അരുൺ കുമാർ ഒന്നാംക്ലാസോടുകൂടി എസ്എസ്എൽസിയും പ്ലസ്ടുവും പാസാവുകയും ബിരുദ പഠനത്തിനായി മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ ചേരുകയും ചെയ്തു. പഠനത്തോടൊപ്പം നേതൃപാഠവത്തിലും മികവ് പുലർത്തിയ അരുൺ ഒന്നാംവർഷം ക്ലാസ് പ്രതിനിധിയും രണ്ടാംവർഷം കോളേജ് ചെയർമാനുമായി. എസ്എഫ്‌ഐ മാവേലിക്കര ഏരിയ ആക്ടിങ് സെക്രട്ടറിയും പിന്നീട് സെക്രട്ടറിയുമായി. പിന്നീട്, ജില്ലാ ജോ.സെക്രട്ടറിയും സംസ്ഥാനകമ്മിറ്റി അംഗവുമായി.
പഠനകാലം മുന്നോട്ട് കൊണ്ടുപോവാൻ സാമ്പത്തികം അനുവദിക്കാതിരുന്നപ്പോൾ പണം ലഭിക്കുന്ന എല്ലാ കൂലി പണികളും അന്നത്തെ ഈ ഡിഗ്രി വിദ്യാർത്ഥി മടി കൂടാതെ ചെയ്തു. അയൽവീടുകളിൽ വീട്ടുജോലിക്കുപോയി കുടുംബം പുലർത്തിയിരുന്ന അമ്മയുടെ വരുമാനം ഏകസഹോദരിയുടെ പഠനത്തിനുപോലും തികയാത്ത സാഹചര്യത്തിലാണ് അരുണും കൈത്താങ്ങായി പണിക്കിറങ്ങിയത്. തൊട്ടടുത്ത ശ്മശാനത്തിൽ ശവക്കുഴിവെട്ടാനും ചാണകം ചുമക്കാനും നിർമ്മാണ തൊഴിലാളിയായും ഇലക്ട്രിക്ക് പ്ലംബിങ് ജോലികൾക്കും പോയിത്തുടങ്ങി. ഇതിനിടയിലും പഠനമികവിൽ കോട്ടം വരുത്തിയില്ല. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും നേടി.
ശേഷം, രാഷ്ട്രീയപ്രവർത്തനത്തിനു താത്കാലിക അവധിനൽകി പുകയില്ലാത്ത അടുപ്പിന്റെ ജോലികളുമായി മുന്നോട്ടുപോയി. പാർട്ടിയാണ് ജീവശ്വാസം എന്ന് തിരിച്ചറിഞ്ഞ് അധികം വൈകാതെ തന്നെ മുഴുവൻസമയ പാർട്ടി പ്രവർത്തകനായി. ഡിവൈഎഫ്‌ഐ ജില്ലാ ട്രഷററായി പ്രവർത്തന മണ്ഡലത്തിൽ ശോഭിക്കുമ്പോഴാണ് പാർട്ടി അടുത്ത നിയോഗം ഏൽപ്പിച്ചത്.
അപ്രതീക്ഷിതമായായിരുന്നു അരുണിനെ സ്ഥാനാർത്ഥിയായി സിപിഎം പ്രഖ്യാപിച്ചത്. പാർട്ടി പ്രവർത്തകയായ സ്‌നേഹയാണ് അരുണിന്റെ ഭാര്യ. 2018ലാണ് ഇരുവരും പ്രണയിച്ച് വിവാഹിതരായത്. എംബിഎക്കാരിയാണ് സ്‌നേഹ. ഏകമകൾ അലൈഡ.
Discussion about this post