മാവേലിക്കര: വയോധിക വീണ് പരിക്കേറ്റ സംഭവത്തില്‍ 20 ദിവസത്തിന് ശേഷം ട്വിസ്റ്റ്. 78കാരിയായ ചെട്ടികുളങ്ങര കൈതവടക്ക് കളീക്കല്‍ വിജയമ്മയ്ക്ക് വീണ് പരിക്കേറ്റതല്ല, മറിച്ച് ഹോം നഴ്‌സിന്റെ ക്രൂരമായ മര്‍ദ്ദനം മൂലമാണെന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ സത്യസ്ഥിതി പുറത്ത് വന്നത്.
സംഭവത്തില്‍ ഹോം നഴ്‌സായ ഇടുക്കി കട്ടപ്പന മത്തായിപ്പാറ ചെമ്പനാല്‍ ഫിലോമിനയെ (55) പോലീസ് അറസ്റ്റ് ചെയ്തു. വിജയമ്മയ്ക്ക് വീണു പരിക്കേറ്റതായി ഫിലോമിന കഴിഞ്ഞ ഫെബ്രുവരി 20നു വിജയമ്മയുടെ മകനെ അറിയിച്ചു. തുടര്‍ന്നു വിജയമ്മയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടയെല്ല് പൊട്ടിയിട്ടുണ്ടെന്നും പരുക്ക് വീണുണ്ടായതല്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ശേഷം സംശയം തോന്നി, വിജയമ്മയുടെ മകനും ഭാര്യയും വീട്ടിലെ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണു ഫിലോമിന വടി കൊണ്ടു അടിക്കുന്നതും കുത്തുന്നതും കണ്ടത്. ഫിലോമിന കമ്പ് കൊണ്ടു മാലിന്യമെടുത്തു വിജയമ്മയുടെ വായിലേക്ക് വയ്ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ക്യാമറ ദൃശ്യങ്ങള്‍ സഹിതം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഫിലോമിനയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Discussion about this post