കൊടകര: ഷഷ്ഠി ആഘോഷത്തിനിടെ വയോധികയുടെ മാല കവര്‍ന്ന് സ്ഥലംവിട്ട തമിഴ്നാട് സ്വദേശിനികളെ പോലീസിന്റെ കൃത്യമായ ഇടപെടലില്‍ അറ്സ്റ്റ് ചെയ്തു. ചാലക്കുടി ഡിവൈഎസ്പി സിആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ് ഒരു മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടിയത്.
തമിഴ്നാട് മധുര തഞ്ചാവൂര്‍ സ്വദേശി ജ്യോതി (33 ), മധുര ജില്ല ആത്തിപ്പാളയം ശുഭ (29) എന്നിവരാണ് ക്രൈം സ്ക്വാഡ് അംഗങ്ങളുടെ പിടിയിലായത്. മോഷണ വിവരം ലഭിച്ചയുടന്‍ പല സംഘങ്ങളായി നടത്തിയ വ്യാപക പരിശോധനയില്‍ വൃത്തിയായി വിലകൂടിയ വസ്ത്രധാരണം ചെയ്ത തമിഴ് സ്ത്രീകളെ കണ്ടെത്തുകയായിരുന്നു.
സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതോടെ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കൊടകര എസ്ഐ ഗിരിജാ വല്ലഭന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരോടൊപ്പമുണ്ടായിരുന്നയാള് രക്ഷപ്പെട്ടതായാണ് സംശയം. പൊട്ടിച്ചെടുത്ത മാല ഇയാള്‍ കൊണ്ടു പോയതായി പിടിയിലായവര്‍ പറയുന്നു.
കേരളത്തിലും തമിഴ്നാട്ടിലും സമാനമായ കേസില്‍ നിരവധി തവണ പിടിക്കപ്പെട്ടിട്ടുള്ളവരും നാല്പതിലധികം കേസില്‍ പ്രതികളുമാണിവരെന്ന് പോലീസ് അറിയിച്ചു. പാലക്കാട് ജില്ലയില്‍ നാലു സ്റ്റേഷനുകളില്‍ ശുഭയ്ക്കെതിരെ കേസുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. ക്രൈം സ്ക്വാഡ് എസ്ഐ വിഎസ് വത്സകുമാര്‍, എഎസ്ഐ ജിനുമോന്‍ തച്ചേത്ത്, സതീശന് മടപ്പാടില്‍, റോയ് പൗലോസ്, പിഎം. മൂസ, വിയു സില്‍ജോ, എയു റെജി, ഷിജോ തോമസ്, കൊടകര സ്റ്റേഷനിലെ സീനിയര്‍ സിപിഒ ലിജു, ജോഷി, ജിബി ബാലന് വനിതാ പോലീസുകാരായ ഷൈജി, സിനിമോള്‍ പൗലോസ് എന്നിവര്‍ പോലീസ് സംഘത്തിലുണ്ടായിരുന്നു.
Discussion about this post