ന്യൂഡല്‍ഹി; ബിജെപിയുടെ ഏക സിറ്റിംങ് സീറ്റായ നേമത്ത് ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും. നേമത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് വിവരം. ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിച്ചാല്‍ രാജ്യം ഉറ്റുനോക്കുന്ന മണ്ഡലമാകും നേമം.
ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് കരുത്തനായ നേതാവ് തന്നെ മത്സരത്തിന് ഇറങ്ങണമെന്ന ഉറച്ച നിലപാടിലായിരുന്നു കോണ്‍ഗ്രസ് ദേശീയ നേതൃത്വം. സ്ഥാനാര്‍ത്ഥികളായി രമേശ് ചെന്നിത്തലയോ ഉമ്മന്‍ ചാണ്ടിയോ മത്സരിക്കണമെന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ ആവശ്യം. ഹൈക്കമാന്‍ഡ് ആവശ്യത്തിന് ഉമ്മന്‍ ചാണ്ടി അനുകൂല നിലപാട് സ്വീകരിച്ചതായിട്ടാണ് സൂചന.
കെ മുരളീധരന്റെ പേരും നേമത്തേക്ക് സജീവമായി പരിഗണിച്ചിരുന്നു. കെ മുരളീധരന്‍ മത്സരത്തിന് സന്നദ്ധതയും അറിയിച്ചിരുന്നു. എന്നാല്‍ എംപിമാര്‍ മത്സര രംഗത്തേക്ക് വരേണ്ടതില്ലെന്ന് പൊതുനിലപാട്. കെ മുരളീധരന് വേണ്ടി മാത്രം ഇളവ് അനുവദിച്ചാല്‍ നിയമസഭയിലേക്ക് മത്സര സന്നദ്ധത അറിയിച്ച മറ്റുള്ളവരുടെ അതൃപ്തിക്കും അത് കാരണമാകും എന്നത് കൊണ്ടാണ് കെ മുരളീധരനെ ഒഴിവാക്കിയത്.
മണ്ഡലത്തിലേക്ക് ഉമ്മന്‍ചാണ്ടി എത്തിയാല്‍ മത്സരം കടുക്കും. അതേസമയം ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനായിരിക്കും സാധ്യത. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഒറ്റഘട്ടമായി നാളെ വൈകീട്ട് പുറത്തിറക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.
Discussion about this post