ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനിരിക്കെ ജയസാധ്യത കണക്കിലെടുത്ത് കെ മുരളീധരനെ മത്സരിപ്പിച്ചേക്കുമെന്ന് സൂചന. വട്ടിയൂർക്കാവിൽ നിന്നും സിറ്റിങ് എംഎൽഎയായിരിക്കെ വടകര ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ച വിജയിച്ച കെ മുരളീധരനെ തലസ്ഥാനത്തേക്ക് മടക്കി കൊണ്ടുവരണമെന്നാണ് കോൺഗ്രസിന് ഉള്ളിൽ നിർദേശം ഉയരുന്നത്. കെ ബാബു, ജോസഫ് വാഴയ്ക്കൻ, കെസി ജോസഫ് എന്നിവരുടെ സ്ഥാനാർത്ഥിത്വത്തിൽ പാർട്ടിയിൽ വലിയ തർക്കം നിലനിൽക്കുകയാണ്. തൃപ്പൂണിത്തുറയിൽ കഴിഞ്ഞതവണ പരാജയപ്പെട്ട കെ ബാബുവിന് ഇത്തവണ അവസരം നൽകേണ്ടെന്നും പകരം സൗമിനി ജെയ്നിനെ മത്സരിപ്പിക്കണമെന്നും നിർദേശം ഉയർന്നിട്ടുണ്ട്.
നേമം മണ്ഡലത്തിലായിരിക്കും കെ മുരളീധരനെ പരിഗണിക്കുക. ബിജെപി സ്വാധീനം ശക്തമായുള്ള ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളായ നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം വൈകുകയാണ്. എംപിമാർ മത്സരിക്കേണ്ടെന്ന മുൻ നിലപാടിൽനിന്നുമാറി നേമത്ത് കെ മുരളീധരനെ മത്സരിപ്പിക്കാനാണ് ഇതോടെ കോൺഗ്രസ് നേതൃത്വത്തിന്റെ പദ്ധതി.
കെ മുരളീധരന് ജയസാധ്യത കൂടുതൽ ഉള്ള നേമത്ത് രമേശ് ചെന്നിത്തലയോ, ഉമ്മൻചാണ്ടിയോ സ്ഥാനാർത്ഥിയാൽ വിജയിക്കുക എളുപ്പമല്ലെന്നും ചർച്ചകൾ ഉയർന്നിരുന്നു. കഴിഞ്ഞതവണ ഒ രാജഗോപാൽ ജയിച്ച മണ്ഡലത്തിൽ കെ മുരളീധരനെ കൊണ്ടുവരുന്നത് ബിജെപിയെ പ്രതിരോധിക്കുന്നത് സിപിഎം ആണെന്ന പ്രചാരണത്തിന് തടയിടാനും സഹായകരമാവുമെന്നാണ് വിലയിരുത്തൽ.
കേരളത്തിന്റെ ചുമതലയുളള ജനറൽ സെക്രട്ടറി താരിഖ് അൻവർ അടക്കമുളള നേതാക്കളുമായി കെ മുരളീധരൻ കൂടിക്കാഴ്ച നടത്തി. മത്സരിക്കുന്നതിനൊപ്പം പ്രചാരണസമിതി ചെയർമാൻ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് കെ മുരളീധരൻ ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. കോൺഗ്രസിന്റെ സ്ക്രീനിങ് കമ്മിറ്റി യോഗം ബുധനാഴ്ച രാത്രി ഏറെ വൈകിയും നടത്തിയിരുന്നു. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി നടന്ന ചർച്ചയിൽ സാധ്യതാ പട്ടിക വിശദമായി ചർച്ച ചെയ്യുകയും ഓരോ മണ്ഡലത്തിലുമായി നിർദേശിക്കപ്പെട്ട പേരുകൾ ഒന്നോ രണ്ടോ ആയി ചുരുക്കാനുളള ശ്രമങ്ങളുമാണ് നടന്നത്. ഇന്നുതന്നെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപനം ഉണ്ടായേക്കും എന്നാണ് സൂചന. 90-92 സീറ്റുകളിലായിരിക്കും കോൺഗ്രസ് ഇത്തവണ മത്സരിക്കുക. ഇതിൽ ആലപ്പുഴ, ധർമടം, മലമ്പുഴ തുടങ്ങി മത്സരിക്കുന്ന 26 സീറ്റുകളിൽ ജയസാധ്യത ഇല്ലെന്നാണ് വിലയിരുത്തൽ.
Discussion about this post