തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരണവുമായി മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. പിസി ചാക്കോ പാര്‍ട്ടി വിട്ടതില്‍ വല്ലാത്ത ദുഃഖം തോന്നുന്നുവെന്നും താനുമായി ഇതേക്കുറിച്ച് പിസി ചാക്കോ ആശയവിനിമയം നടത്തിയിരുന്നില്ലെന്നും സുധീരന്‍ പറഞ്ഞു. ഗ്രൂപ്പിസത്തെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പിസി ചാക്കോയുടെ രാജി പ്രഖ്യാപനത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രതികരിച്ചിട്ടില്ല. സോണിയ ഗാന്ധിക്ക് പിസി ചാക്കോ രാജിക്കത്ത് കൈമാറി. പാര്‍ട്ടിയിലെ കടുത്ത അവഗണനയെ തുടര്‍ന്നാണ് രാജിയെന്ന് പിസി ചാക്കോ പറഞ്ഞു.40 പേരുള്ള തെരഞ്ഞെടുപ്പ് കമ്മറ്റി ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ചില നിക്ഷിപ്ത താത്പര്യക്കാരുടെ നിലപാടിനനുസരിച്ചാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമെന്നും അദ്ദേഹം രാജി പ്രഖ്യാപനത്തിന് പിന്നാലെ ആരോപിച്ചു.
കോണ്‍ഗ്രസ് നടപടി ക്രമം അനുസരിച്ച് ഓരോ നിയോജക മണ്ഡലത്തിലും പാനല്‍ സ്‌ക്രീനിങ് കമ്മറ്റിക്ക് ലിസ്റ്റ് അയക്കണം. എന്നിട്ടാണ് സെന്‍ട്രല്‍ എലക്ഷന്‍ കമ്മറ്റിയിലേക്കു അയക്കേണ്ടത്. ഇതൊന്നും നിലവില്‍ നടന്നിട്ടില്ല. പേരുകളെല്ലാം ഉമ്മന്‍ചാണ്ടിയുടെയോ രമേശ് ചെന്നിത്തലയുടെയോ അതോ അവരോടൊപ്പം നില്‍ക്കുന്ന ഗ്രൂപ്പു നേതാക്കളുടെ കൈയ്യിലാണെന്നും പിസി ചാക്കോ പറഞ്ഞു. അഞ്ച് തവണ മത്സരിച്ചവരെ മാറ്റിനിര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും കോണ്‍ഗ്രസ് നേതൃത്വം പരിഗണിച്ചില്ല എന്നാണ് ആരോപണം.