ആലപ്പുഴ: ആലപ്പുഴയില്‍ ജനവിധി തേടുന്ന പിപി ചിത്തരഞ്ജനെ അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. ആലപ്പുഴയുടെ വികസനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകേണ്ടത് ചിത്തന്റെ ചുറുചുറുക്കും ഊര്ജസ്വലതയുമാണെന്ന് തോമസ് ഐസക് പറഞ്ഞു.
കഴിഞ്ഞ നാലു തിരഞ്ഞെടുപ്പുകളിലും തനിക്ക് നല്ല ഭൂരിപക്ഷം നല്കി വിജയിപ്പിച്ച ആലപ്പുഴയിലെ പ്രബുദ്ധരായ വോട്ടര്‍മാരെല്ലാം, ഈ തിരഞ്ഞെടുപ്പില്‍ സഖാവ് പിപി ചിത്തരഞ്ജന് വോട്ടു നല്കി വിജയിപ്പിക്കണമെന്നും തോമസ് ഐസക്
ഫേസ്ബുക്കില്‍ കുറിച്ചു.
”ആലപ്പുഴയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി അഭിമാനത്തോടെ സ. പി.പി. ചിത്തരഞ്ജനെ സ്വാഗതം ചെയ്യുന്നു. എത്രയോ കാലമായി ആലപ്പുഴയിൽ ചിരപരിചിതനായ പൊതുപ്രവർത്തകനാണ് അദ്ദേഹം. ആലപ്പുഴ മുനിസിപ്പൽ ചെയർമാൻ എന്ന നിലയിൽ ഒന്നരദശാബ്ദം മുമ്പ് തന്റെ നേതൃശേഷി തെളിയിച്ച സഖാവാണ്. ആലപ്പുഴയിലെ യുവനിര സഖാക്കളിൽ ഏറ്റവും ഊർജസ്വലനാണ് ചിത്തൻ എന്ന് ഞാൻ പറയാതെ തന്നെ എല്ലാവർക്കുമറിയാം.
തീരദേശത്തെ മത്സ്യത്തൊഴിലാളി മുന്നേറ്റത്തിന്റെ ചാലകശക്തിയാണ് ചിത്തരഞ്ജൻ. ആ അർപ്പണബോധത്തിന് പാർടി നൽകിയ അംഗീകാരമായിരുന്നു, മത്സ്യഫെഡ് ചെയർമാൻ സ്ഥാനം. ആ സ്ഥാനത്തിരുന്ന് കഴിഞ്ഞ അഞ്ചുവർഷക്കാലം ക്രിയാത്മകമായ ഒട്ടേറെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. ഏതു പ്രശ്നത്തിലും ജനപക്ഷത്തു നിന്ന് ഇടപെടുന്ന സഖാവ് എന്ന നിലയിൽ എല്ലാവരുടെയും സ്നേഹാദരങ്ങൾക്ക് പാത്രമാണ് അദ്ദേഹം. സിഐടിയു നേതാവ് എന്ന നിലയിൽ തൊഴിലാളികളുമായി സവിശേഷമായ ആത്മബന്ധം അദ്ദേഹത്തിനുണ്ട്. ഉറച്ച ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ സജീവമായി പ്രവർത്തിക്കുമ്പോൾത്തന്നെ രാഷ്ട്രീയത്തിനതീതമായ വ്യക്തിബന്ധങ്ങളും പൊതുസ്വീകാര്യമായ പ്രവർത്തനശൈലിയും സഖാവിന്റെ സവിശേഷതയാണ്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ തുടർഭരണം ഉറപ്പുവരുത്താൻ മാത്രമല്ല ചിത്തനെ വിജയിപ്പിക്കേണ്ടത്. ആലപ്പുഴയിൽ തുടങ്ങിവെച്ചിട്ടുള്ള അന്യാദൃശ്യമായ വികസന മുന്നേറ്റങ്ങൾ നമുക്ക് പൂർത്തീകരിക്കണം. ചെത്തി ഹാർബർ, ചെത്തി വിനോദ പാർക്ക്, ചെട്ടികാട് ആശുപത്രി, ഓങ്കോളജി പാർക്ക്, ട്രാൻസ്പോർട്ട് ഹബ്ബ്, സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോഗ്രാം, കയർ, പോർട്ട് മ്യൂസിയങ്ങളടക്കം രണ്ടു ഡസനോളം മ്യൂസിയങ്ങൾ, കടൽപ്പാലം, ജില്ലാക്കോടതി പാലവും നെഹ്റുട്രോഫി പാലവും, കിഴക്കൻ ബൈപ്പാസ് തുടങ്ങി ആലപ്പുഴയുടെ വികസനവിഹായസിലെ നക്ഷത്രപദ്ധതികൾ നമുക്ക് യാഥാർത്ഥ്യമാക്കണം. അതിന് ഇടതുപക്ഷത്തു നിന്നുള്ള എംഎൽഎ കൂടിയേ തീരൂ. ചിത്തന്റെ ചുറുചുറുക്കും ഊർജസ്വലതയുമാണ് ഇനിയാ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകേണ്ടത്.
കയർ മേഖലയുടെ പുനഃസംഘടന എൽഡിഎഫിന്റെ വാഗ്ദാനമാണ്. രണ്ടാം കയർ പുനഃസംഘടന പൂർത്തിയാകാൻ ഇനിയൊരു വർഷം കൂടി ബാക്കിയുണ്ട്. അടുത്തവർഷമാണ് ആലപ്പുഴയിലെ കയർ ഉൽപ്പന്നമേഖലയുടെ നവീകരണവും പുനസംഘടനയും. കയർ വ്യവസായത്തിന്റെ പഴയപ്രതാപത്തിലേയ്ക്കുള്ള ഉയർത്തെഴുന്നേൽപ്പ് നമ്മുടെ കൈയെത്തും ദൂരത്താണ്. അന്യാദൃശ്യമായ മുന്നേറ്റമാണ് ആ മേഖലയിലും കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് സാധ്യമായത്. ആ മുന്നേറ്റം അതിനേക്കാൾ കുതിപ്പോടെ തുടരണം.
പ്രതിഭാതീരം, ഉറവിട മാലിന്യനിർമ്മാർജന പദ്ധതികൾ, പികെ കാളൻ പദ്ധതി, വിശപ്പുരഹിത മാരാരിക്കുളം, ജനകീയ ഭക്ഷണശാലകൾ, സാന്ത്വനപരിചരണ ശൃംഖല, മാരി കമ്പനി, ജനകീയ പച്ചക്കറി, ആർദ്രമീ ആര്യാട് ആരോഗ്യ പദ്ധതി തുടങ്ങി സംസ്ഥാനവ്യാപകമായി അംഗീകാരം നേടിയ ഒട്ടേറെ ജനകീയ മുൻകൈകൾ ആലപ്പുഴയിലുണ്ട്. എന്നിവയൊക്കെ മുന്നോട്ടു കൊണ്ടുപോകുന്നതിന് ചിത്തൻ മുന്നിലുണ്ടാകും.
കഴിഞ്ഞ നാലു തിരഞ്ഞെടുപ്പുകളിലും എനിക്ക് നല്ല ഭൂരിപക്ഷം നൽകി വിജയിപ്പിച്ച ആലപ്പുഴയിലെ പ്രബുദ്ധരായ വോട്ടർമാരെല്ലാം, ഈ തിരഞ്ഞെടുപ്പിൽ സഖാവ് പി പി ചിത്തരഞ്ജന് വോട്ടു നൽകി അദ്ദേഹത്തെ വൻ ഭൂരിപക്ഷത്തിന് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു”.
Discussion about this post