കൊച്ചി : കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മലയാളികളില്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യ മുഖം കൂടിയായിരുന്ന പിസി ചാക്കോ പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് അയച്ചു. പാര്‍ട്ടിയിലെ കടുത്ത അവഗണനയെ തുടര്‍ന്നാണ് രാജിയെന്ന് പിസി ചാക്കോ പ്രതികരിച്ചു. 40 പേരുള്ള തെരഞ്ഞെടുപ്പ് കമ്മറ്റി ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ചില നിക്ഷിപ്ത താത്പര്യക്കാരുടെ നിലപാടിനനുസരിച്ചാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമെന്നും അദ്ദേഹം രാജി പ്രഖ്യാപനത്തിന് പിന്നാലെ ആരോപിച്ചു.
കോണ്‍ഗ്രസ് നടപടി ക്രമം അനുസരിച്ച് ഓരോ നിയോജക മണ്ഡലത്തിലും പാനല്‍ സ്‌ക്രീനിങ് കമ്മറ്റിക്ക് ലിസ്റ്റ് അയക്കണം. എന്നിട്ടാണ് സെന്‍ട്രല്‍ എലക്ഷന്‍ കമ്മറ്റിയിലേക്കു അയക്കേണ്ടത്. ഇതൊന്നും നിലവില്‍ നടന്നിട്ടില്ല. പേരുകളെല്ലാം ഉമ്മന്‍ചാണ്ടിയുടെയോ രമേശ് ചെന്നിത്തലയുടെയോ അതോ അവരോടൊപ്പം നില്‍ക്കുന്ന ഗ്രൂപ്പു നേതാക്കളുടെ കൈയ്യിലാണെന്നും പിസി ചാക്കോ തുറന്നടിച്ചു. ഇതില്‍ പ്രതിഷേധിക്കാണ് ചാക്കോ പാര്‍ട്ടി വിട്ടത്.
തെരഞ്ഞെടുപ്പിന് നാളുകള്‍ ബാക്കി നില്‍ക്കെയാണ് പിസി ചാക്കോ പാര്‍ട്ടിയില്‍ നിന്നും രാജിവെയ്ക്കുന്നത്. മലയാളികളില്‍ കെസി വേണുഗോപാലിന് മുന്‍പ് തന്നെ കോണ്‍ഗ്രസിന്റെ ദേശീയ മുഖമായ പിസി ചാക്കോ പാര്‍ട്ടി വിട്ടതോടെ വലിയ ക്ഷീണം ഉണ്ടാക്കിയിരിക്കുകയാണ്. ദേശീയ വക്തമായ ടോം വടക്കന്‍ ബിജെപിയിലേയ്ക്ക് പോയതും കോണ്‍ഗ്രസിനേറ്റ തിരിച്ചടി തന്നെയായിരുന്നു. പിന്നാലെയാണ് പിസി ചാക്കോയുടെയും കൊഴിഞ്ഞുപോക്ക്.
മറ്റ് സംസ്ഥാനങ്ങളില്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേയ്ക്ക് ചേയ്‌ക്കേറുന്നത് പതിവ് കാഴ്ചയാണ്. അതില്‍ കേരളം വ്യത്യസ്തമായിരുന്നു. എന്നാല്‍ ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപി പാളയത്തില്‍ എത്തിയത് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. ശേഷമാണ് മാസങ്ങള്‍ പിന്നിടവെ പിസി ചാക്കോയുടെയും രാജി എത്തുന്നത്. അതേസമയം, തെരഞ്ഞെടുപ്പിന്റെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക എത്തിയാല്‍ കൂടുതല്‍ പേരും കോണ്‍ഗ്രസ് വിട്ടേയ്ക്കുമെന്നും സൂചനയുണ്ട്. ഇന്ന് സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. യുവജനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി കൊണ്ടായിരുന്നു സിപിഎം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
Discussion about this post