തിരുവനന്തപുരം: പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ ചൊല്ലി അനിശ്ചിതത്വമെന്ന ആരോപണങ്ങളെ തള്ളി പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഷാഫി പറമ്പിൽ. പാലക്കാട് തന്നെ താൻ സ്ഥാനാർത്ഥിയാകുമെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു. പട്ടാമ്പി മണ്ഡലത്തിലേക്ക് ഷാഫി മാറിയേക്കുമെന്ന വാർത്തകളെ നിഷേധിച്ചിരിക്കുകയാണ് അദ്ദേഹം. ‘മണ്ഡലം മാറുന്നില്ല. ഇതുസംബന്ധിച്ച് പുറത്തുവരുന്ന അഭ്യൂഹങ്ങൾ തെറ്റാണ്. അത്തരമൊരു ചർച്ച ഡൽഹിയിൽ നടന്നിട്ടില്ല,’ ഷാഫി പറമ്പിൽ പറഞ്ഞു.
പട്ടാമ്പിയിലേക്ക് മാറാനായിരുന്നെങ്കിൽ നേരത്തെ ആവാമായിരുന്നുവെന്നും അതിന് ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടുകാർ തന്നെ വേണ്ടെന്ന് പറയാത്തിടത്തോളം കാലം ഈ മണ്ഡലത്തിൽ തന്നെ മത്സരിക്കുമെന്നും ഷാഫി പറഞ്ഞു.
ഇതിനിടെ, പാലക്കാട് ഷാഫി പറമ്പിലിന് പകരം ഉയർന്നുകേട്ട പേരായ എവി ഗോപിനാഥും വാർത്തയ്ക്ക് എതിരെ രംഗത്തെത്തി. പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവു കൂടിയായ എവി ഗോപിനാഥ് പറഞ്ഞു.
‘നിയമസഭാ സീറ്റ് വേണ്ട. തന്നെ സ്ഥാനാർത്ഥി ആക്കുന്നതിലൂടെ പരിഹരിക്കാവുന്നതല്ല വിഷയം. പാർട്ടിക്ക് ഗുണകരമായ നേതൃത്വം വരട്ടെ. മത്സരിക്കാൻ മനസില്ലെന്ന് പറയുന്ന എന്നിൽ എന്തിനാണ് സ്ഥാനാർത്ഥിത്വം അടിച്ചേൽപ്പിക്കുന്നത്. എന്റെ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ തീരുമാനിച്ചപ്പോഴും എന്നോടാലോചിച്ചില്ല,’-എവി ഗോപിനാഥ് പറഞ്ഞു.
നേരത്തെ ഷാഫി പറമ്പിലിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ എവി ഗോപിനാഥ് വിമർശനമുയർത്തിയിരുന്നു. ഷാഫി പറമ്പിലിനെതിരെ എവി ഗോപിനാഥ് വിമതനായി മത്സരിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച്, അദ്ദേഹം കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പും നൽകിയിരുന്നു. ആലത്തൂർ എംഎൽഎ ആയിരുന്ന എവി ഗോപിനാഥ് ഇപ്പോൾ പെരിങ്ങോട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്ത് അംഗമാണ്.
Discussion about this post