കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിരവധി താരങ്ങളാണ് നിലപാട് വ്യക്തമാക്കി രാഷ്ട്രീയത്തിലേക്കിറങ്ങിയിരിക്കുന്നത്. അതേസമയം, മെഗാസ്റ്റാര്‍ മമ്മൂട്ടിയും തന്റെ രാഷ്ട്രീയം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്.
തനിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാട് ഉണ്ട്. ആരും തന്നോട് മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. സിനിമയാണ് തന്റെ രാഷ്ട്രീയം. സജീവ രാഷ്ട്രീയത്തില്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും മമ്മൂട്ടി പറഞ്ഞു. പുതിയ സിനിമയായ ദി പ്രീസ്റ്റിന്റെ റിലീസുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മല്‍സരിക്കാന്‍ ആവശ്യപ്പെട്ട് ആരെങ്കിലും സമീപിച്ചോ എന്ന ചോദ്യത്തിന് എന്നോടാരും ചോദിച്ചിട്ടില്ല, ഞാനാരോടും പറഞ്ഞിട്ടുമില്ല എന്നാണ് മമ്മൂട്ടി പറഞ്ഞത്. താല്‍പ്പര്യമുണ്ടോ എന്ന ചോദ്യത്തിന് തല്ക്കാലമില്ലെന്നായിരുന്നു മറുപടി. പ്രചരണത്തിന് ഇറങ്ങുമോ എന്ന ചോദ്യത്തിന് എന്തിന് എന്നായിരുന്നു മമ്മൂട്ടിയുടെ മറുചോദ്യം.
ഭാവിയില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന്, അത് എന്തിനാ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്, ഞാനല്ലേ പ്രതീക്ഷിക്കേണ്ടത് എന്ന് മമ്മൂട്ടി ചോദിച്ചു. തമിഴ്നാട്ടില്‍ നടന്മാര് കൂട്ടത്തോടെ രാഷ്ട്രീയത്തിലിറങ്ങുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ മലയാളത്തില്‍ അത് കാണാന്‍ സാധ്യതയില്ലെന്നാണ് തോന്നുന്നതെന്നും മമ്മൂട്ടി പറഞ്ഞു.
നടി മഞ്ജു വാര്യര്‍,സംവിധായകന് ജോഫിന്‍ ടി ചാക്കോ, നിര്‍മ്മാതാക്കളായ ബി ഉണ്ണിക്കൃഷ്ണന്,ആന്റോ ജോസഫ് സംഗീത സംവിധായകന് രാഹുല്‍ രാജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 11നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
Discussion about this post