ഏറ്റുമാനൂർ: ഒരു കോടി രൂപ വവീതം അഞ്ചുപേർക്ക് ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യമിത്ര ലോട്ടറിയുടെ വിജയിയെ കാത്തിരിപ്പിന് ഒടുവിൽ കണ്ടെത്തി. പക്ഷേ, പബ്ലിസിറ്റിക്ക് താത്പര്യമില്ലെന്നറിയിച്ച് ഭാഗ്യവാൻ മാധ്യമങ്ങൾക്ക് മുന്നിലെത്താതെ ഒഴിഞ്ഞുമാറി.
സംസ്ഥാന സർക്കാർ ഭാഗ്യമിത്ര ലോട്ടറിയുടെ ഒരു കോടി രൂപയുടെ സമ്മാനം ലഭിച്ചത് ഏറ്റുമാനൂർ വള്ളിക്കാട് സ്വദേശിയായ യുവാവിനാണ്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന ഭാഗ്യമിത്രയുടെ നാലാമത്തെ നറുക്കെടുപ്പിലാണ് യുവാവിന്റെ കൈയ്യിലുള്ള ബിജി 369075 എന്ന നമ്പറിലുള്ള ടിക്കറ്റ് ഒരു കോടിയുടെ ഒന്നാം സമ്മാനത്തിന് അർഹമായത്.
ഏറ്റുമാനൂർ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുള്ള നിരപ്പേൽ ലക്കി സെന്ററിൽ നിന്ന് പേരൂർ സ്വദേശിയായ വിജയനെന്ന ഏജന്റാണ് സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത്. ഇദ്ദേഹത്തിന്റെ കൈയ്യിൽ നിന്നും ടിക്കറ്റ് വാങ്ങി ചില്ലറ വിൽ്പപന നടത്തുന്ന യുവാവാണ് ഇപ്പോൾ സമ്മാനത്തിന് അർഹനായിരിക്കുന്നതും.
തനിക്ക് പേരുവിവരങ്ങൾ വെളിപ്പെടുത്താൻ താത്പര്യമില്ലെന്നായിരുന്നു ഭാഗ്യവാന്റെ പ്രതികരണം. സാമ്പത്തിക പരാധീനത മൂലം ഇദ്ദേഹം പത്ത് ടിക്കറ്റുകൾ വീതം കടം വാങ്ങിയാണ് വിൽപ്പന നടത്തിയിരുന്നതെന്ന് ലക്കി സെന്റർ നടത്തിപ്പുകാർ പറഞ്ഞു. ഇതേ ലോട്ടറിയുടെ ഒരു കോടി രൂപയുടെ മറ്റൊരു സമ്മാനം കുറവിലങ്ങാട്ടെ അതിഥി തൊഴിലാളികളായ മൂന്നുപേർക്കാണ് ലഭിച്ചത്.
ഒന്നിലധികം പേർക്ക് ഒന്നാം സമ്മാനം നൽകുന്ന ആദ്യത്തെ സംസ്ഥാന ലോട്ടറിയാണ് ഭാഗ്യമിത്ര. അഞ്ച് കോടി രൂപയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപ വീതം അഞ്ച് ഭാഗ്യശാലികൾക്ക് ഈ ടിക്കറ്റിലൂടെ ലഭിക്കും.
Discussion about this post