തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തി ആരോപിച്ചതെല്ലാം കേട്ട് വിശ്വസിച്ചിരിക്കുന്ന ബിജെപി അണികളോട് സഹതാപം മാത്രമെന്ന് മന്ത്രി തോമസ് ഐസക്ക്. കേരളത്തിൽ നടന്ന പല അഴിമതികളുടെയും വിവരങ്ങൾ തന്റെ പക്കലുണ്ടെന്ന് അമിത് ഷായുടെ നാവിൽ നിന്ന് കേട്ടപ്പോൾ, ഉദയനാണ് താരം സിനിമയിലെ സലിംകുമാറിനെപ്പോലെ ബിജെപി അണികൾ കസേരയിൽ ഇളകിയിരുന്നു കാണും.
എന്നാൽ, അതെല്ലാം ഉന്നയിച്ച് മുഖ്യമന്ത്രിയെ ഇപ്പോൾ ആശയക്കുഴപ്പത്തിലാക്കുന്നില്ലെന്ന് അമിത് ഷാ തുടർന്ന് പറഞ്ഞപ്പോൾ അദ്ദേഹം ഒറ്റ നിമിഷം കൊണ്ട് അവരുടെ മുന്നിൽ ഹരിഹർ നഗർ സിനിമയിലെ അപ്പുക്കുട്ടനായി മാറിയെന്നും മന്ത്രി പരിഹസിക്കുന്നു.
കെ സുരേന്ദ്രന്റെ വിജയയാത്ര സമാപനവേദിയിൽ എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സ്വർണ്ണക്കടത്ത് കേസ് ഉൾപ്പടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയോടായി നിരവധി ചോദ്യങ്ങളും ഉന്നയിച്ചാണ് അമിത് ഷാ വേദി വിട്ടത്. ഈ സംഭവം ചർച്ചയാകുന്നതിനിടെയാണ് പരിഹാസവുമായി തോമസ് ഐസക്ക് രംഗത്തെത്തിയിരിക്കുന്നത്.
മന്ത്രി ഡോ. തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
അമിത്ഷായിൽ നിന്ന് അദ്രി മൂഷിക പ്രസവ ന്യായം കേട്ട് കണ്ണും തള്ളിയിരുന്നുപോയ പാവം ബിജെപിക്കാരോട് സഹതപിക്കുകയേ വഴിയുള്ളൂ. നിങ്ങളുടെ നേതാക്കൾ നിങ്ങൾക്ക് അത്ര വിലയേ കൽപ്പിച്ചിട്ടുള്ളൂ എന്നു കരുതി സമാധാനിക്കുക. കാര്യം, മല എലിയെ പ്രസവിച്ചതുപോലെയെന്ന് മലയാളത്തിൽ പറയുന്ന ഏർപ്പാടാണ്. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പദവിയ്ക്കു നിരക്കുന്ന രീതിയിൽ, സംസ്‌കൃതത്തിൽ പറഞ്ഞെന്നേയുള്ളൂ.
കേരളത്തിൽ നടന്ന പല അഴിമതികളുടെയും വിവരങ്ങൾ തന്റെ പക്കലുണ്ടെന്ന് അമിത് ഷായുടെ നാവിൽ നിന്ന് കേട്ടപ്പോൾ, ഉദയനാണ് താരം സിനിമയിലെ സലിംകുമാറിനെപ്പോലെ ബിജെപി അണികൾ കസേരയിൽ ഇളകിയിരുന്നു കാണും. സിപിഐഎം നേതാക്കൾക്കെതിരെ അന്വേഷണം, അറസ്റ്റ്, കോടതി, ജയിൽ തുടങ്ങി എന്തെല്ലാം കിനാവുകൾ അവരുടെ മനസിലൂടെ കടന്നുപോയിട്ടുണ്ടായിരിക്കണം. പറയുന്നത് ചില്ലറക്കാരനല്ലല്ലോ. കേന്ദ്ര ആഭ്യന്തര മന്ത്രിയാണ്. പോരെങ്കിൽ അമിത്ഷായാണ്. കാക്കത്തൊള്ളായിരം അന്വേഷണ ഏജൻസികളുടെ അധിപനാണ്. കേരളത്തിലെ സിപിഐഎമ്മിന്റെ ആപ്പീസു പൂട്ടി, താക്കോൽ ഷാ ജി കൊണ്ടുപോകും എന്നുറപ്പിച്ചിരിക്കുമ്പോൾ അതാ വരുന്നു അടുത്ത ഡയലോഗ്.
അതെല്ലാം ഉന്നയിച്ച് മുഖ്യമന്ത്രിയെ ഇപ്പോൾ ആശയക്കുഴപ്പത്തിലാക്കുന്നില്ലത്രേ. പാവം ബിജെപിക്കാർ. ഒറ്റ നിമിഷം കൊണ്ട് അമിത് ഷാ അവരുടെ മുന്നിൽ ഹരിഹർ നഗർ സിനിമയിലെ അപ്പുക്കുട്ടനായി. ‘നശിപ്പിച്ചു’ എന്ന് മുകേഷിനെപ്പോലെ അവരും പല്ലുഞെരിച്ചു. കാശും മുടക്കി ഈ പൊരിവെയിലു കൊണ്ടത് ഇതു കേൾക്കാൻ വേണ്ടിയായിരുന്നോ എന്നു ചിന്തിക്കുന്ന ആർക്കും അരിശം വരും. സ്വാഭാവികം.
നേരിട്ടും ചാനലുകളിലുമൊക്കെ അമിത്ഷായുടെ പ്രസംഗം ശ്രവിച്ചവർക്ക് വല്ലാത്ത അക്കിടിയാണ് പറ്റിയത്. നാടൊട്ടുക്കു നടന്ന് സുരേന്ദ്രനും മുരളീധരനും പറഞ്ഞ അതേകാര്യങ്ങൾ ഹിന്ദിയിലാക്കി അമിത്ഷായെക്കൊണ്ടു പറയിപ്പിച്ചു. എന്നിട്ട് മുരളീധരൻ അതു മലയാളത്തിലാക്കി വീണ്ടും ബിജെപിക്കാരെ കേൾപ്പിച്ചു. ഡബ്ബു ചെയ്ത സിനിമ റിവേഴ്‌സ് ഡബ്ബു ചെയ്ത് അതേ കാണികളെത്തന്നെ വീണ്ടും കാണിക്കുക എന്നു പറഞ്ഞാൽ. ഇത്രയ്‌ക്കൊക്കെ സഹിക്കാൻ എന്തു മഹാപാപമാണ് ബിജെപി അണികൾ ചെയ്തത്? അവരും മനുഷ്യരല്ലേ. ബിജെപിക്കാരാണെന്നുവെച്ച് അവരോട് എന്തും ചെയ്യാമോ?
നാൻ നിനച്ചാൽ പുലിയെ പിടിക്കിറേൻ, ആനാൽ ഉശിരു പോനാലും നിനയ്ക്കമാട്ടേൻ എന്നൊരു ഗീർവാണമുണ്ട്. വിചാരിച്ചാൽ പുലിയെ പിടിക്കും, പക്ഷേ, ഉയിരു പോയാലും വിചാരിക്കില്ലെന്നാണ് വീരവാദം. അതാണ് അമിത് ഷായും പറുന്നത്. അഴിമതിയുടെ വിവരങ്ങളൊക്കെ കൈയിലുണ്ട്, പക്ഷേ, അതു പുറത്തുവിട്ട് ആശയക്കുഴപ്പമുണ്ടാക്കില്ല പോലും.
അദ്ദേഹത്തോട് ഒരഭ്യർത്ഥനയുണ്ട്. കോമഡി സ്‌കിറ്റുകൾക്ക് സ്‌ക്രിപ്‌റ്റെഴുതുന്നവരുടെ പണി കളയരുത്. പ്ലീസ്…
അമിത്ഷായിൽ നിന്ന് അദ്രി മൂഷിക പ്രസവ ന്യായം കേട്ട് കണ്ണും തള്ളിയിരുന്നുപോയ പാവം ബിജെപിക്കാരോട് സഹതപിക്കുകയേ വഴിയുള്ളൂ….
Posted by Dr.T.M Thomas Isaac on Sunday, 7 March 2021