ന്യൂഡൽഹി: ഡൽഹി അതിർത്തിയിൽ നടക്കുന്ന കർഷക സമരത്തിന് അന്താരാഷ്ട്ര വനിതാദിനമായ ഇന്ന് വനിതാ കർഷകർ നേതൃത്വം നൽകും. പഞ്ചാബ്, ഹരിയാണ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നായി എത്തിച്ചേരുന്ന നാൽപതിനായിരത്തോളം വനിതകളാണ് കർഷക സമരത്തിൽ പങ്കെടുക്കുകയെന്ന് കർഷക സംഘടനകൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച രാവിലെയാണ് വനിതകളിൽ ഭൂരിഭാഗം പേരും ഡൽഹിയിലേക്കുള്ള യാത്ര ആരംഭിച്ചിരിക്കുന്നത്. തിങ്കളാഴ്ച അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ച ശേഷം സ്ത്രീകൾ വീടുകളിലേക്ക് മടങ്ങുമെന്നും കർഷക സംഘടനാ നേതാക്കൾ അറിയിച്ചു.
‘കർഷക സമരത്തിൽ, സംയുക്ത കിസാൻ മോർച്ച എല്ലായ്പ്പോഴും വനിതാകർഷകരുടെ കരുത്തിന് പ്രാധാന്യം നൽകിയിട്ടുണ്ട്. ടോൾ പ്ലാസകളോ സ്ഥിരം സമരവേദികളോ ആകട്ടെ, എല്ലാ പ്രതിഷേധ കേന്ദ്രങ്ങളിലും വനിതകൾ നേതൃത്വം നൽകും. ഇത് അവരുടെ ദിവസമാണ്’-സ്വരാജ് ഇന്ത്യ അധ്യക്ഷൻ യോഗേന്ദ്ര യാദവ് പറയുന്നു.
സിംഘു, തിക്രി, ഗാസിപുർ തുടങ്ങിയ പ്രതിഷേധ കേന്ദ്രങ്ങളിലേക്കാണ് വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള വനിതകൾ എത്തുക. എല്ലാ കാർഷിക സംഘടനകൾക്കും വനിതാ വിഭാഗം ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ അംഗബലമുള്ളത് ഭാരതീയ കിസാൻ യൂണിയ(ഉഗ്രഹൻ)നാണ്.
Discussion about this post