കൊടുമൺ: രണ്ടരവയസുകാരൻ കളിച്ചുകൊണ്ടിരിക്കെ കിണറ്റിൽ വീണതറിഞ്ഞ് ഓടിയെത്തിയ സിന്ധുവിന് പകച്ച് നിൽക്കാൻ തോന്നിയില്ല. ഒന്നും ചിന്തിക്കാതെ കിണറ്റിലേക്ക് സിന്ധു എടുത്തുചാടിയതുകൊണ്ട് രക്ഷപ്പെടുത്തി എടുക്കാനായത് പിഞ്ചുകുഞ്ഞിന്റെ ജീവനാണ്. സഹായിക്കാനായി ശശിയും കിണറ്റിലിറങ്ങിയിട്ടുണ്ടായിരുന്നു. ഇരുവരുടേയും ധീരതയാണ് രണ്ടര വയസ്സുകാരൻ ആരുഷിനെ അപകടമൊന്നും പറ്റാതെ കരയ്ക്ക് എത്തിക്കാൻ സഹായിച്ചത്.
അയൽവാസിയുടെ ആൾമറയില്ലാത്ത കിണറ്റിൽ കുഞ്ഞ് വീണതറിഞ്ഞ് സഹായം തേടി അമ്മ നിലവിളിച്ചതുകേട്ടാണ് ഐക്കരേത്ത് സിന്ധുവും ശശിയും ഓടിയെത്തിയത്. ആദ്യമെത്തിയ ശശി കുഞ്ഞിന്റെ ഞരങ്ങൽ കേട്ട് കടുത്ത പനി വകവെയ്ക്കാതെ 20 അടി താഴ്ചയുള്ള കിണറ്റിലേക്ക് ഇറങ്ങി. എന്നാൽ, സഹായിക്കാൻ മറ്റൊരാളില്ലാതെ കുഞ്ഞിനെ രക്ഷിക്കൽ സാധ്യമല്ലായിരുന്നു. ഈ സമയത്താണ് തൊട്ടടുത്ത് കുടുംബശ്രീ ഹോട്ടൽ നടത്തുന്ന തൊഴിലുറപ്പ് തൊഴിലാളിയായ സിന്ധു എത്തിയത്. കുഞ്ഞിന്റെയും അമ്മയുടേയും കരച്ചിലും ഒപ്പം സഹായം തേടിയുള്ള യുവാവിന്റെ വിളിയും കേട്ട് സിന്ധു ചിന്തിച്ച് നിന്നില്ല.
കിണറിന്റെ ആഴങ്ങളിലേക്ക് ജീവൻ പണയംവെച്ചിറങ്ങി. കിണറിന്റെ പടിയിൽ ചവിട്ടി നിന്നു. യുവാവിന്റെ കൈയിൽനിന്ന് കുഞ്ഞിനെ വാങ്ങി മുകളിലേക്ക് കയറി. കരയിൽ നിന്നവരുടെ കൈയിലേക്ക് കുഞ്ഞിനെ സുരക്ഷിതമായെത്തിച്ചു. ഐക്കരേത്ത് മലയുടെ ചരുവിൽ ശശിയുടെ സന്മനസ്സും ഐക്കരേത്ത് സിന്ധു ഭവനത്തിൽ സിന്ധുവിന്റെ ധീരതയും ഇല്ലായിരുന്നെങ്കിൽ കുഞ്ഞിനെ രക്ഷപ്പെടുത്താൻ സാധിക്കുമായിരുന്നില്ല. ചേർന്ന് നൽകിയത് പുനർജന്മം.
ഐക്കരേത്ത് അജയഭവനത്തിൽ അജയന്റെയും ശുഭയുടെയും മകനായ ആരുഷ് ശനിയാഴ്ച രാവിലെ വീടിന് പുറത്തിരുന്ന് കളിക്കുന്നതിനിടെയാണ് അയൽവാസിയുടെ ആൾമറയില്ലാത്ത കിണറ്റിൽ വീണത്. വലിയ ശബ്ദം കേട്ട് മാതാപിതാക്കൾ മുറ്റത്തേക്കിറങ്ങി നോക്കിയപ്പോഴാണ് ആരുഷിനെ കാണാനില്ലെന്ന് മനസിലായത്. ഇതോടെ സമീപത്തെ കിണറ്റിൽ നോക്കുമ്പോൾ കുട്ടി വീണുകിടക്കുന്നത് കണ്ടു. മാതാപിതാക്കൾ നിലവിളിച്ചതോടെ അയൽക്കാർ ഓടിക്കൂടി ബഹളം കൂട്ടി. പനി ബാധിച്ച് വീട്ടിൽ ഇരിക്കുകയായിരുന്ന ശശിയും പിന്നാലെ എത്തിയ സിന്ധുവും കിണറ്റിലേക്ക് ചാടിയിറങ്ങി. വെള്ളത്തിൽ മുങ്ങിത്താണുകൊണ്ടിരുന്ന കുഞ്ഞിനെ ശശി എടുത്ത് മുകളിലെ തൊടിയിലേക്ക് കയറിനിന്നു. കുഞ്ഞിനെ സിന്ധു വാങ്ങി മുകളിലേക്ക് കൈമാറി.
പ്രഥമ ശുശ്രൂഷ നൽകിയ ശേഷം അടൂർ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുഞ്ഞിന് പുറമേ പരിക്കൊന്നും ഉണ്ടായിരുന്നില്ല. ആന്തരികമായ പരിക്കുകൾ ഉണ്ടോയെന്ന് അറിയുന്നതിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്ന് ബന്ധുക്കളോ ഡോക്ടർമാർ അറിയിച്ചു.
തൊഴിലുറപ്പ് തൊഴിലാളിയും കുടുംബശ്രീ പ്രവർത്തകയുമായ സിന്ധു. കഴിഞ്ഞ പ്രളയകാലത്ത് നിറഞ്ഞുകിടന്ന കിണറ്റിൽ വീണ ആടിനെ എടുത്ത് ഒറ്റയ്ക്ക് കരയ്ക്ക് എത്തിച്ചും ധീരവനിതയായിരുന്നു.
Discussion about this post