കൊച്ചി: പുതുക്കിപ്പണിത പാലാരിവട്ടം പാലം തുറന്നു. ഇടപ്പള്ളി ഭാഗത്ത് നിന്നും വന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ആദ്യ യാത്രക്കാരനായി പാലത്തിലൂടെ കടന്നുപോയി. സിപിഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
പാലത്തിന്റെ പണി വേഗത്തില്‍ പൂര്‍ത്തിയാക്കിയതില്‍ ഇ ശ്രീധരനെ മന്ത്രി ജി സുധാകരന്‍ അഭിനന്ദിച്ചു. ഡിഎംആര്‍സി ഇ ശ്രീധരന്‍, ഊരാളുങ്കല്‍ സൊസൈറ്റി എന്നീ കൂട്ടായ്മയുടെ വിജയമാണെന്നും മന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക ഉദ്ഘാടനമുണ്ടായില്ല. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കൊടികളേന്തി റാലിയുമായി പാലത്തില്‍ യാത്ര ചെയ്യുകയും ചെയ്തു. സമയ ബന്ധിതമായി പാലം പണി പൂര്‍ത്താക്കാന്‍ മേല്‍നോട്ടം വഹിച്ച ഇ ശ്രീധരന് അഭിവാദ്യം അര്‍പ്പിച്ച് ബിജെപി പ്രവര്‍ത്തകരും പാലത്തിലൂടെ പ്രകടനം നടത്തി. ഡിഎംആര്‍സി ഉദ്യോഗസ്ഥരും പാലം തുറന്നു കൊടുക്കുന്നതിന് സാക്ഷിയാവാന്‍ എത്തി.
അതിനിടെ പാലം പണിയില്‍ സഹകരിച്ച തൊഴിലാളികളെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി തൊഴിലാളികളെ അഭിനന്ദിച്ചത്. 18 മാസം വേണമെന്ന് കരുതിയ പാലത്തിന്റെ പണി ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചതിന് മുഖ്യമന്ത്രി തൊഴിലാളികള്‍ക്ക് നന്ദി പറഞ്ഞു.
നിര്‍മാണത്തിലെ അപാകതകളെത്തുടര്‍ന്ന് വിള്ളല്‍ കണ്ടെത്തിയ പാലം 2019 മെയ് ഒന്നിനാണ് അടച്ചിട്ടത്. കഴിഞ്ഞ സെപ്റ്റംബറില്‍ പുനര്‍നിര്‍മാണം ആരംഭിച്ച് അഞ്ചര മാസം കൊണ്ടാണ് പണി പൂര്‍ത്തിയായത്. പാലം പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കി ഡിഎംആര്‍സി കഴിഞ്ഞ ദിവസമാണ് സര്‍ക്കാരിന് കൈമാറിയത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ പാലം 2016 ഒക്ടോബര്‍ 12ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. 2017ല്‍ പാലത്തിന്റെ ഉപരിതലത്തില്‍ കുഴികള്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ടാറിങ്ങിലും ഡെക്ക് കണ്ടിന്യുറ്റിയിലും പ്രശ്നങ്ങള്‍ കണ്ടെത്തി. കോടികള്‍ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കി കൊട്ടിഘോഷിച്ച് ഗതാഗതത്തിന് തുറന്നുകൊടുത്തെങ്കിലും രണ്ടരവര്‍ഷത്തിനുള്ളില്‍ അടയ്ക്കേണ്ടിവന്നതാണ് പാലാരിവട്ടം മേല്‍പ്പാലം. പാലം പൊളിച്ചുപണിയേണ്ടി വന്നത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. തുടര്‍ന്നാണ് മെട്രോമാന്‍ ഇ ശ്രീധരന്റെ നേതൃത്വത്തില്‍ പാലം പുനര്‍നിര്‍മിക്കാന്‍ തീരുമാനിച്ചത്.